എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ ആറു പേർ മട്ടന്നൂർ പോലീസിന്‍റെ പിടിയില്‍. ഒരു യുവതി അടക്കമുള്ള സംഘത്തെയാണ് 27.82 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നു ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെയുള്ള സംഘം പിടിയിലായത്.എടയന്നൂരിലെ എം.പി. മജ്നാസ് (33), ഏച്ചൂർ മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ.മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ.സഹദ് (28), പഴയങ്ങാടി മാടായിലെ കെ.ഷുഹൈബ് ( 43), ശുഹൈബ് വധക്കേസ് പ്രതി തെരൂർ പാലയോട്ടെ കെ.സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വധിച്ച കേസിലെ ആറാം പ്രതിയാണ് സഞ്ജയ്.
ലഹരി വില്പന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒരു ലക്ഷത്തിലധികം രൂപയും ആറു മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരം ആറോടെ മയക്കുമരുന്ന് വില്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു മട്ടന്നൂർ എസ്‌ഐ പി. സജീവന്‍റെ നേതൃത്വത്തിലുള്ള പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരുടെ മുറി പരിശോധിച്ചതില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസ്, സിബ് ലോക്ക് കവറുകളും 500 ന്‍റെ 222 നോട്ടുകളുമാണ് കണ്ടെടുത്തത്.
ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തി വരുന്ന സംഘമാണിതെന്ന് പോലീസ് അറിയിച്ചു. ആവശ്യക്കാരെ ലോഡ്ജിലേക്ക് വരുത്തിയാണ് ലഹരി വില്പന നടത്തിയിരുന്നത്. ലഹരിക്കടത്തിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഷുഹൈബ് വധക്കേസില്‍ മുഖ്യപ്രതികളെ സഹായിച്ച കുറ്റത്തിനാണ് സഞ്ജയിന്‍റെ പേരില്‍ കേസെടുത്തിരുന്നത്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. അനിലിന്‍റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ പി.സജീവന്‍റെ നേതൃത്വത്തില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ രാഹുല്‍, നിഷാദ് സിവില്‍ പോലീസ് ഓഫീസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

















