രാജ്യമെമ്പാടും വോട്ടർ പട്ടികയിലെ ക്രമക്കേട് വിവാദം ഉയരുമ്പോൾ പാലാ നഗരസഭയും അപവാദമാകുന്നില്ല. നഗരസഭയിലെ രണ്ടാം വാർഡിൽ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ജോസിൻ ബിനോ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പട്ടികയിൽ തിരികെ കയറ്റുന്നു എന്നാണ് ആരോപണം. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ രണ്ടാം വാർഡിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുമ്പോൾ അത് ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാൻ ഉള്ള നീക്കം ആണെന്ന് ഭരണകക്ഷിയിൽ നിന്ന് തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു. കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ ചെയർമാനുമായ ഷാജു തുരുത്തനാണ് ജോസിൻ ബിനോയുടെ നടപടിക്കെതിരെ രംഗത്തെത്തിയത്. ഇദ്ദേഹം നഗരസഭാ സെക്രട്ടറിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു എന്നാണ് സൂചന.

ഒത്താശ ചെയ്യുന്നതും കണ്ണടയ്ക്കുന്നതും നഗരസഭാ സെക്രട്ടറി?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ അല്ലാതെ വോട്ടർ പട്ടികയിൽ അന്യസംസ്ഥാന തൊഴിലാളികളെ തിരികെ കയറ്റുന്നതിന് ഭരണകക്ഷി കൗൺസിലറായ സിപിഎം നേതാവ് ജോസിൻ ബിനോയ്ക്ക് ഒത്താശ ചെയ്യുന്നത് നഗരസഭാ സെക്രട്ടറി ആണെന്നാണ് ആരോപണം. ദിവസങ്ങൾക്കു മുമ്പ് മതിയായ രേഖകൾ ഇല്ലാതെ സെക്രട്ടറിയുടെ ഇടപെടലിൽ ബർത്ത് സർട്ടിഫിക്കറ്റ് നഗരസഭയിൽ തിരുത്തിഴ കൊടുത്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്. ആറുമാസത്തിലധികമായി ഒരു അഡ്രസ്സിൽ താമസിക്കുന്നു എന്നതിന്റെ തെളിവുകളായി വാടക കരാർ അടക്കം നൽകിയാൽ മാത്രമേ വോട്ട് ചേർക്കാൻ കഴിയൂ എന്ന് ഇരിക്കുകയാണ് മതിയായ രേഖകൾ ഇല്ലാതെ അന്യസംസ്ഥാന തിരികെ കയറ്റുന്നു എന്ന് ആരോപണം ശക്തമാകുന്നത്. ഇവർ നൽകുന്ന ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകളുടെ ആധികാരികത പരിശോധിക്കുന്നില്ല എന്നും സംശയങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്.

ഇന്നുവരെ കയറിയത് 138 വോട്ടുകൾ

പാലാ താരതമ്യേനെ ചെറിയ മുനിസിപ്പാലിറ്റിയാണ്. ഒരു വാർഡിൽ പരമാവധി വോട്ടുകൾ എന്ന് പറയുന്നത് 800ൽ താഴെയാണ്. എന്നാൽ രണ്ടാം വാർഡിൽ ഇത്തവണ അധികമായി ചേർത്തിരിക്കുന്നത് ഇതുവരെ 138 വോട്ടുകൾ ആണെന്നാണ് റിപ്പോർട്ട്. ഇതിൽ ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികളുടെതാണെന്നും സ്ഥലത്തില്ലാത്ത ആളുകളുടെ ആണെന്നും ആരോപണമുയരുന്നു. ദുരൂഹമായി വോട്ട് ചേർത്തതിനെതിരെ കേവലമായ അന്വേഷണം പോലും നടത്താൻ സെക്രട്ടറി ഉൾപ്പെടെ തയ്യാറാകുന്നില്ല എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

ലക്ഷ്യം തുരുത്തനെ അട്ടിമറിച്ച് വാർഡ് പിടിക്കാൻ

രണ്ടാം വാർഡ് ഷാജു തുരുത്തന് നിർണായകം സ്വാധീനമുള്ള വാർഡാണ്. അദ്ദേഹവും ഭാര്യ ബെറ്റി ഷാജുവും ഇവിടെനിന്ന് കൗൺസിലർമാരായിട്ടുണ്ട്. ഇത്തവണ തുരുത്തൻ പ്രതിനിധീകരിക്കുന്ന ഒന്നാം വാർഡ് വനിതാ സംവരണം ആകുമ്പോൾ രണ്ടാം വാർഡിൽ നിന്ന് മത്സരിക്കാനായിരുന്നു തുരുത്തന്റെ നീക്കം. എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ ദുർബലനായ തുരത്തനെ വെട്ടിനിരത്തി വാർഡ് തനിക്കോ തന്റെ ഭർത്താവിനോ ഉറപ്പിക്കാൻ ഉള്ള ജോസിൻ ബിനോയുടെ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്ന വോട്ടർ പട്ടിക ക്രമക്കേടിന് പിന്നിലെന്നും ആരോപണം ശക്തമാവുകയാണ്.

നീക്കം സിപിഎമ്മിനു കൂടിയുള്ള മുന്നറിയിപ്പോ?

ഷാജു തുരുത്തന് മാത്രമല്ല സിപിഎമ്മിനും കൂടിയുള്ള മുന്നറിയിപ്പാണ് ജോസിൻ ബിനോ നൽകുന്നതെന്നും സൂചനയുണ്ട്. 2015ലെ പൊതു തിരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ നിന്ന് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട ജോസിൻ പിന്നീട് 2020ൽ സിപിഎം സ്വതന്ത്രയായി പാർട്ടി ചിഹ്നം ഒഴിവാക്കി ഇവിടെ മത്സരിക്കുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ യുവ നേതാക്കളെ ആരെങ്കിലും ഈ ജനറൽ സീറ്റിൽ നിന്ന് മത്സരിപ്പിക്കണം എന്ന് സിപിഎമ്മിനുള്ളിൽ ആലോചനകൾ നടക്കുന്ന ഘട്ടത്തിൽ പാർട്ടിയോട് കൂടി വിലപേശുവാനുള്ള ശക്തി സംഭരിക്കുവാനാണ് ഈ ക്രമക്കേടുകൾ നടക്കുന്നതെന്ന് സംശയവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. സിപിഎം നോമിനിയായി ചെയർപേഴ്സൺ പദവിയിൽ എത്തിയ ഇവർ പിന്നീട് പാർട്ടിയെ ഒഴിവാക്കി കേരള കോൺഗ്രസുമായി ചങ്ങാത്തം കൂടിയത് സിപിഎമ്മിനുള്ളിലും, ജനറൽ സീറ്റിൽ നിന്ന് മത്സരിക്കുവാനുള്ള ജോസിന്റെ തയ്യാറെടുപ്പ് കേരള കോൺഗ്രസ് പാർട്ടിക്കുള്ളിൽ ചെയർമാൻ സ്ഥാനാർഥി മോഹികൾക്കിടയിലും അസ്വസ്ഥത വിതച്ചിട്ടുണ്ട്. 2020 മുന്നണി സീറ്റ് വിഭജനത്തിൻ്റെ ഭാഗമായി സിപിഎമ്മിന് രണ്ടാം വാർഡ് ലഭിച്ചെങ്കിലും സിറ്റിംഗ് കൗൺസിലറായ പാർട്ടി നേതാവിനെ ഒഴിവാക്കി മുൻ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ കേരള കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച ജോസിൻ ബിനോയെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിനുള്ളിൽ അന്നേ അമർഷം ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക