യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന അധ്യക്ഷൻ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂറോളം വൈകി നേതൃസംഗമത്തിനെത്തിയ രാഹുല്‍ പ്രസംഗത്തിന് ശേഷം വേദി വിടാൻ ഒരുങ്ങിയപ്പോള്‍ തടഞ്ഞുവെച്ചാണ് ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചത്. പ്രസംഗം നടത്തി സ്ഥലം വിടാനൊരുങ്ങിയ രാഹൂല്‍ മാങ്കൂട്ടത്തിലിനോട് പറയാനുളളത് കേട്ട് മറുപടി നല്‍കിയിട്ട് പോയാല്‍ മതിയെന്ന് ജില്ലാ നേതാക്കള്‍ ശഠിച്ചതോടെ തിരിച്ച് വന്ന് വേദിയിലിരിക്കേണ്ടി വന്നു.
കോട്ടയത്ത് പരിപാടിയുണ്ട് എന്നതാണ് തൊടുപുഴയില്‍ നടന്ന നേതൃസംഗമത്തില്‍ സംസാരിച്ചയുടൻ തന്നെ സ്ഥലം വിടുന്നതിൻെറ കാരണമായി രാഹുല്‍ നേതാക്കളോട് പറഞ്ഞത്. എന്നാല്‍ ഇത് ചെവിക്കൊളളാൻ നേതാക്കള്‍ തയാറായില്ല. വയനാട് പുനരധിവാസത്തിൻെറ ഫണ്ട് പിരിവ് ഉള്‍പ്പെടെയുളള ആനുകാലിക വിവാദങ്ങളെപ്പറ്റിയുളള വിമർശനങ്ങള്‍ കേട്ട് മറുപടി നല്‍കിയിട്ട് പോയാല്‍ മതിയെന്നായിരുന്നു ഇടുക്കിയിലെ നേതാക്കളുടെ നിലപാട്.രാഹുലിനെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളുടെ സത്യസ്ഥിതി അറിയണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം പുറത്തറിയുമെന്ന് വന്നതോടെ കോട്ടയത്തിന് പോകാനായി ഇറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരികെ എത്തി വേദിയിലിരുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുന്ന രാഹുല്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് രാഹുലിനെ ഇരുത്തി കൊണ്ട് നേതാക്കള്‍ വിമർശിച്ചു. സംഘടന കാലങ്ങളായി പിന്തുടരുന്ന മര്യാദകള്‍ പാലിക്കാൻ രാഹുല്‍ തയാറുകുന്നില്ലെന്നും വിമർശനമുയർന്നു. വയനാട് പുനരധിവാസത്തെപ്പറ്റി ഉയർന്ന പരാതികളെപ്പറ്റി വിശദീകരിക്കണമെന്നും ആവശ്യമുയർന്നു.ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങള്‍ നാണക്കേടാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പുനരധിവാസത്തിനായുളള ധനശേഖരണത്തില്‍ മണ്ഡലം കമ്മിറ്റികള്‍ വീഴ്ച വരുത്തിയതാണ് ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിൻെറ മറുപടി. വയനാട് പുനരധിവാസത്തിനുള്ള ഫണ്ട് പിരിവ് എത്രയും വേഗത്തില്‍ പൂർത്തിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.15 നകം ഫണ്ട് ശേഖരണം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുല്‍ യോഗത്തില്‍ അറിയിച്ചു.
വനിതാ മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെടുത്തി ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധത്തിലാണ്. ചാനലുകളോട് പ്രതികരിക്കുമ്ബോഴും മറ്റും പഴയ ശൗര്യമില്ല. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് നേതൃസംഗമങ്ങള്‍ നടക്കുന്നതിനാല്‍ ചെല്ലുന്നിടത്തെല്ലാം രാഹുലിന് നേരെ ചോദ്യങ്ങളുയരുന്നുണ്ട്.
തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ തൊടുപുഴയില്‍ അച്ചായൻസ് ഹോട്ടലില്‍ എത്തിയ രാഹുല്‍ പിറ്റേദിവസം മറ്റു പരിപാടികള്‍ ഒന്നും ഇല്ലാതിരുന്നിട്ടും 3 മണിക്കൂറോളം പരിപാടിക്ക് എത്താൻ വൈകിയത് സംബന്ധിച്ച് യോഗത്തില്‍ വിമർശനം ഉയർന്നു.തൊടുപുഴയില്‍ തനിക്ക് പങ്കാളിത്തമുള്ള ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആയിരുന്നു അതുവരെയുള്ള സമയം അദ്ധേഹത്തിന്റെ ശ്രദ്ധ എന്നും നേതാക്കള്‍ വിമർശിച്ചു.

















