അടച്ചുപൂട്ടിയ ഹോട്ടല്‍ സംരംഭങ്ങള്‍ വീണ്ടും തുടങ്ങാനാണ് കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്ബനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ പ്രതികള്‍ ശ്രമിച്ചതെന്ന് സൂചന. കമ്ബനി ഉടമയുടെ പരാതിയില്‍ അറസ്റ്റിലായ തൃശൂർ ചാവക്കാട് വലപ്പാട് വീട്ടില്‍ ശ്വേത ബാബു, ഭർത്താവ് കൃഷ്ണരാജ് എന്നിവരെ എറണാകുളം സെഷൻസ് കോടതി ജാമ്യത്തില്‍ വിട്ടു. കേസന്വേഷണവുമായി സഹകരിക്കാമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

ഐടി സ്ഥാപനത്തില്‍ ഒന്നര വർഷത്തോളം കേസിലെ ഒന്നാം പ്രതിയായ ശ്വേത ബാബു ജോലി ചെയ്തിരുന്നു. ശേഷം മാസങ്ങള്‍ ആസൂത്രണം ചെയ്താണ് ഭീഷണിക്കും ഹണിട്രാപ്പിനും കളമൊരുക്കിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ശ്വേതയുടെ ഭർത്താവ് കൃഷ്ണരാജിന് നേരത്തെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് അടച്ചുപൂട്ടിയിരുന്നു. ഇതു വീണ്ടും ആരംഭിക്കുന്നതിനുള്ള പണം കണ്ടെത്താനാണ് തട്ടിപ്പിനു ശ്രമിച്ചതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികള്‍ മുൻപ് ആരെയെങ്കിലും ഇത്തരത്തില്‍ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് സെൻട്രല്‍ പൊലീസ് വാദിച്ചത്. എന്നാല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയതിനുള്ള ബിഎൻഎസ് 308 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത് എന്നതിനാല്‍ പരമാവധി ശിക്ഷ 7 വര്‍ഷം വരെയാണ്. കേസന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികള്‍ കോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിച്ചത്.

ഐടി കമ്ബനി ഉടമയ്ക്ക് ശ്വേതയുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഉടമയ്‌ക്കെതിരെ പീഡനക്കേസ് കൊടുക്കുമെന്നും രഹസ്യ ചാറ്റുകള്‍ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും കാട്ടിയാണ് പ്രതികള്‍ പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഈ മാസം 23ന് കമ്ബനിയുടെ മൂന്നു ജീവനക്കാരെ എറണാകുളത്തെ പ്രമുഖ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും 30 കോടി രൂപ ആവശ്യപ്പെടുകയുമായിരുന്നു. 10 കോടി രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് ഉടൻ അയയ്ക്കണമെന്നും 10 കോടി രൂപയുടെ വീതം 2 ചെക്കുകള്‍ നല്‍കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. തുടർന്ന് കമ്ബനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ ഭയപ്പെടുത്തി വാങ്ങിച്ചു. പിറ്റേന്ന് 20 കോടിയുടെ ചെക്കുകളും വാങ്ങി. പിന്നാലെ കമ്ബനി ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക