സമീപകാലത്ത് പുറത്തിറങ്ങിയ ‘രുദ്ര’ എന്ന സിനിമയിലൂടെ വൻ പ്രേക്ഷക പിന്തുണ നേടിയ അസമീസ് നടി നന്ദിനി കശ്യപിനെ ഹിറ്റ് ആൻഡ് റണ്‍ കേസില്‍ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 വയസ്സുകാരനായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഗുവാഹത്തി പോലീസ് അറിയിച്ചു.

ജാമ്യമില്ലാ വകുപ്പായ കൊലപാതകത്തിന് തുല്യമായ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്. ജൂലൈ 25-ന് പുലർച്ചെ മൂന്നോടെ ഗുവാഹത്തിയിലെ ദഖിൻഗാവോണ്‍ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തില്‍പ്പെട്ടയാള്‍ നല്‍ബാരി പോളിടെക്‌നിക്കിലെ വിദ്യാർത്ഥിയും ഗുവാഹത്തി മുനിസിപ്പല്‍ കോർപ്പറേഷനില്‍ (ജിഎംസി) പാർട്ട് ടൈം ജീവനക്കാരനുമായ സാമിയുള്‍ ഹഖ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ലൈറ്റ് പ്രോജക്റ്റില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാമിയുളിനെ, അതിവേഗത്തിലെത്തിയ നടി കശ്യപ് ഓടിച്ച സ്കോർപിയോ കാർ ഇടിച്ചിടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടശേഷം പരിക്കേറ്റ വിദ്യാർത്ഥിയെ സഹായിക്കാൻ നില്‍ക്കാതെ നടി വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാമിയുള്‍ ഹഖ് കഴിഞ്ഞ ദിവസം രാത്രി മരണത്തിന് കീഴടങ്ങി. അപകടശേഷം വാഹനത്തെ പിന്തുടർന്ന് പോയ സാമിയുളിന്റെ സഹപ്രവർത്തകർ, കാഹിലിപ്പാറയിലെ ഒരു അപ്പാർട്ട്‌മെന്റില്‍ നടി തന്റെ കാർ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരും നടിയുമായി വാക്കുതർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നേരത്തെ, പോലീസ് നന്ദിനി കശ്യപിന്റെ കാർ കണ്ടെടുക്കുകയും സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്ന് കേസില്‍ തനിക്ക് പങ്കില്ലെന്നാണ് അവർ വാദിച്ചിരുന്നത്.സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള സാമിയുള്‍ ഹഖ്, ജിഎംസിയിലെ പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് തന്റെ പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുകളും, ഇരുകാലുകളിലും ഒന്നിലധികം ഒടിവുകളും, തുടയെല്ലിനും കൈയ്ക്കും പൊട്ടലുകളും സംഭവിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമിയുളിനെ പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി ഐസിയുവില്‍ വെച്ചാണ് മരണം സംഭവിച്ചത്. സാമിയുളിന്റെ ചികിത്സാ ചിലവുകള്‍ ഏറ്റെടുക്കാമെന്ന് നന്ദിനി കശ്യപ് ആദ്യം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് സഹായിക്കാൻ എത്തിയില്ലെന്നും കുടുംബം ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക