സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ പങ്കെടുക്കുന്നത്. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അനുസ്മരണപ്രഭാഷണമാണ് അവർ നിർവഹിക്കുക.
ചാണ്ടി ഉമ്മൻ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ‘വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയാണ്. എനിക്കിപ്പോള്‍ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ’-അയിഷാ പോറ്റി പ്രതികരിച്ചതിങ്ങനെയാണ്.
സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തില്‍ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.
അയിഷാ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്ബില്‍ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകള്‍ അയിഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി.
ഇപ്പോള്‍ കോണ്‍ഗ്രസ് പരിപാടിയില്‍ എത്തുന്നതോടെ അയിഷാ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്.വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു. ഈ സീറ്റില്‍ മന്ത്രി കെ.എൻ. ബാലഗോപാലാണ് കഴിഞ്ഞതവണ ജയിച്ചത്.

















