പെട്രോള്‍ വിലയെ പേടിച്ച് ആളുകളെല്ലാം ഇവികളിലേക്ക് ചേക്കേറി തുടങ്ങിക്കഴിഞ്ഞു. മുമ്ബ് ബാറ്ററി പായ്ക്കിനെ കുറിച്ചെല്ലാം ആശങ്കകളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ലൈഫ് ടൈം വാറണ്ടികളെല്ലാം വാഗ്‌ദാനം ചെയ്‌ത് കമ്ബനികള്‍ ഇതിനെല്ലാം പരിഹാരം കാണുകയും ചെയ്‌തതോടെ ഇലക്‌ട്രിക് കാർ വില്‍പ്പന കുതിച്ചുയരുകയാണ്. ഇതോടൊപ്പം അടിക്കടിയുള്ള ഓയില്‍ മാറ്റവും മറ്റ് മെക്കാനിക്കല്‍ പാർട്‌സുകള്‍ മാറേണ്ടതിന്റെ ആവശ്യം കൂടിയില്ലല്ലോ എന്നത് ആലോചിക്കുമ്ബോള്‍ പലരും ഇലക്‌ട്രിക് വാഹനങ്ങളുടെ ഫാനായി മാറിയിട്ടുണ്ട്.
വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവർക്ക് ആകെ പേടിയുള്ളത് കറണ്ട് ചാർജിനെ ആയിരിക്കും. അത്തരക്കാരാവട്ടെ വീട്ടില്‍ സോളാർ വെച്ചിട്ടാവും ഇവി ബുക്ക് ചെയ്യാൻ ഷോറൂമിലേക്ക് പോവുന്നത് തന്നെ. പെട്രോള്‍, ഡീസല്‍ ചെലവില്‍ നിന്നും മുക്തിനേടാൻ ഇത്രയും നല്ലൊരു മാർഗം വേറെയില്ല. പക്ഷേ ഇലക്‌ട്രിക് കാർ വാങ്ങിയവർക്ക് എപ്പോഴും പറയാനുള്ള പരാതി ടയറുകളെക്കുറിച്ചായിരിക്കും. വേഗത്തില്‍ തേയ്മാനം സംഭവിക്കുന്നത് ഇവി ഉടമകളുടെ ഏറ്റവും വലിയ തലവേദനകളാണ്.
പെട്രോള്‍, ഡീസല്‍ കാറുകളുടെ ടയറുകള്‍ തീരുന്നതിലും ഇരട്ടിവേഗത്തിലാണ് ഇലക്‌ട്രിക് കാറുകളിലെ ടയർ തേഞ്ഞുതീരുന്നത്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ പിന്നില്‍ വളരെ നിസാരമായ ചില കാര്യങ്ങളാണ് പ്രവർത്തിക്കുന്നത് എന്നതാണ് സത്യം. അതായത് ടയറുകള്‍ മോശമായിട്ടോ അല്ലെങ്കില്‍ വാഹനം ഓടിക്കുന്നതിന്റെ തെറ്റുകൊണ്ടോ ഒന്നുമല്ല പക്ഷേ പ്രധാനമായും ഇലക്‌ട്രിക് വാഹനങ്ങളുടെ ഉയർന്ന ഭാരവും ഇൻസ്റ്റൻഡ് ടോർക്കും കാരണമാണ് ഇവികളുടെ ടയറുകള്‍ ICE എഞ്ചിൻ കാറുകളുടെ ടയറുകളേക്കാള്‍ വേഗത്തില്‍ തേയ്മാനം സംഭവിക്കുന്നത്. ഈ സംയോജനം ടയറുകളില്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്തുകയും ഇത് വേഗത്തില്‍ തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇലക്‌ട്രിക് കാറുകളുടെ ഭാരം എങ്ങനെ ടയറുകളെ സ്വാധീനിക്കുന്നു?
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സാധാരണയായി ഭാരം കൂടിയ ബാറ്ററി പായ്ക്കുകള്‍ ഉണ്ടാകും. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം കൂട്ടുന്നുത് വഴി ടയറുകളില്‍ കൂടുതല്‍ ലോഡ് ചെലുത്തുന്നു. അങ്ങനെ റോഡില്‍ കൂടുതല്‍ ഘർഷണം ഉണ്ടാവുകയും അതുവഴി വേഗത്തില്‍ തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇൻസ്റ്റൻഡായതും ഉയർന്നതുമായ ടോർക്ക്:
ഒപ്പം ഇവികളിലെ ഇലക്‌ട്രിക് മോട്ടോറുകള്‍ ഇൻസ്റ്റൻഡായും ഉയർന്നതുമായ ടോർക്കാണ് വീലുകളിലേക്ക് വിതരണം ചെയ്യുന്നത്. അതായത് ടയറുകളിലേക്ക് കൂടുതല്‍ വേഗത്തിലുള്ള ആക്‌സിലറേഷൻ എത്തുമ്ബോള്‍ കൂടുതല്‍ വേഗത്തില്‍ കറങ്ങും. പ്രത്യേകിച്ച് നിശ്ചലാവസ്ഥയില്‍ നിന്ന് ആക്‌ലറേറ്റർ കൊടുക്കുമ്ബോള്‍ വണ്ടി കുതിച്ചുപായുന്നത് ശ്രദ്ധിച്ചിട്ടില്ലേ, ഇത് ടയറുകളില്‍ തേയ്മാനം വർധിക്കാൻ ഇടയാക്കും.
ഡിസൈൻ: അതുപോലെ തന്നെ ടയറുകളുടെ ഡിസൈനും തേയ്മാനം വർധിക്കുന്നതിന് കാരണമാവാറുണ്ട് കേട്ടോ. ചില ഇവി ടയറുകള്‍ റേഞ്ച് മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് പോലുള്ള പ്രത്യേക സ്വഭാവസവിശേഷതകളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ചിലപ്പോള്‍ അവയെ കൂടുതല്‍ തേയ്മാനത്തിന് ഇരയാക്കുന്ന സംഗതിയാണ്.
ഡ്രൈവിംഗ് സ്റ്റൈൽ: ഡ്രൈവിംഗ് സ്റ്റൈലും ടയർ വേഗത്തില്‍ തീരാൻ കാരണമാവാറുണ്ട്. ICE എഞ്ചിൻ കാറുകളെ അപേക്ഷിച്ച് ഇവികള്‍ കിടിലൻ പെർഫോമൻസ് തരുന്നതിനാല്‍ പലർക്കും വേഗം ഹരമാണ്. കാല് ചവിട്ടി സ്പീഡ് കയറ്റുന്നതും ഇടയ്ക്കിടെ ബ്രേക്ക് ചവിട്ടുന്നതും പോലുള്ള പലരുടേയും വിനോദം ഇവികളുടെ ടയറിന് പണികൊടുക്കുന്ന വിഷയമാണെന്നതും ഓർമിക്കണേ.
പരിഹാരം: മര്യാദയ്ക്ക് ഓടിക്കാൻ ശീലിച്ചാല്‍ എപ്പോഴുമുള്ള ടയർ മാറ്റത്തില്‍ നിന്നും രക്ഷ നേടാനാവും. ഡ്രൈവിംഗ് നന്നാക്കുന്നതിനോടൊപ്പം പതിവായി ടയർ പ്രഷർ ചെക്കിംഗ്, വീല്‍ അലൈൻമെന്റുകള്‍, സമയബന്ധിതമായ ടയർ റൊട്ടേഷൻ എന്നിവ പോലുള്ള ശരിയായ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് ശീലമാക്കിയാലും ഇവികളുടെ ടയറുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കുന്നത് ഒഴിവാക്കാനാവും. കൂടാതെ ചില ടയർ ബ്രാൻഡുകള്‍ ഇലക്‌ട്രിക് കാറുകള്‍ ഉയർത്തുന്ന അതുല്യമായ വെല്ലുവിളികളെ നേരിടാൻ പ്രത്യേകം ഡിസൈൻ ചെയ്ത പുതിയ ടയറുകള്‍ പുറത്തിറക്കുന്നുണ്ട്. അതുകൂടെ നോക്കിവാങ്ങിയാല്‍ സംഗതി കളറാവും.





