സൗത്ത് റെയില്‍വേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉള്‍പ്പെടെ ഒൻപതു പേരാണു പിടിയിലായത്.
മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണു സംഘത്തിനു നേതൃത്വം നല്‍കുന്നതെന്നാണു വിവരം. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.
കൊച്ചിയിലെ വിവിധ ഹോസ്റ്റലുകളിലെ അന്തേവാസികളായ യുവതികളെ റാക്കറ്റ് വൻതുകനല്‍കി ചൂഷണത്തിന് ഇരയാക്കിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടും നടന്നതായി സംശയിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയില്‍ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്.
പരിശോധനയില്‍ ഇടപ്പള്ളിയില്‍ നിന്ന് നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു.എന്നാല്‍ ഇവിടെ സ്ത്രീകള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം മറ്റൊരു ‘ബ്രാഞ്ച്” ഉണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷിപ്പെടുത്തിയത്. രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസ് എടുക്കുക.
മലയാളിയായ സ്ത്രീകളും റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈൻ സൈറ്റുകളില്‍ നമ്ബർ നല്‍കിയായിരുന്നു പ്രവർത്തനം.അനധികൃത മസാജ് കേന്ദ്രങ്ങളുടെ മറവിലും അനാശാസ്യ കേന്ദ്രങ്ങള്‍ നഗരത്തില്‍ വ്യാപകമാണ്. കൊച്ചിയില്‍ മാത്രം 100ലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നും മറ്റും യുവതികളെ എത്തിച്ചാണ് പ്രവർത്തനം.

















