മദ്യപിച്ചു വാഹനമോടിച്ച കേസില്‍ പിടികൂടിയ പ്രതി പൊലീസുകാരൻ്റെ മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞു. സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെ ജീപ്പില്‍ വച്ച് സിപിഒ ഷിഫിൻ ജോണിൻ്റെ ഫോണാണ് പ്രതി കവർന്നതെന്നു പൊലീസ് പറഞ്ഞു. തന്നെ പിടികൂടിയ പൊലീസിനോട് പ്രതികാരം ചെയ്യാനാണ് ഫോണ്‍ കവർന്നതെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞു.
മുക്കോലയില്‍ നിന്നാണ് ഇരുചക്രവാഹനം സഹിതം സിജുവിനെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. മദ്യപിച്ചു വാഹനമോടിച്ച കേസില്‍ ജാമ്യത്തില്‍ ഇയാളെ സ്റ്റേഷനില്‍ നിന്നു വിട്ടായക്കുകയും ചെയ്തു. സിപിഒ ഷിഫിൻ തന്റെ ഫോണ്‍ കാണാതായത് പിന്നീടാണ് ശ്രദ്ധിച്ചത്. തുടർന്ന് അന്വേഷണംനടക്കുന്നതിനിടെയാണ് പ്രതി തമ്ബാനൂർ റെയില്‍വെ പൊലീസ് പിടിയിലായത്.
തൃശൂർ നിവാസിയായ പ്രതി യാത്രക്കായി സ്റ്റേഷനിലെത്തിയതിനു പിന്നാലെ മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതോടെയാണ് പൊലീസ് പിടികൂടിയത്. കയ്യില്‍ കണ്ട രണ്ടു ഫോണുകളിലൊന്നു ഭാര്യയുടേതാണെന്നായിരുന്നു മറുപടി. ലോക്ക് മാറ്റാൻ പറഞ്ഞതോടെ ഇയാള്‍ മോഷണ വിവരം പറയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

















