പുലർച്ചെയുള്ള വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നു. ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമാണ് യാത്ര. മുൻപ് മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര.
10 ദിവസത്തോളം അദ്ദേഹം അമേരിക്കയിലായിരിക്കും. നാട്ടിലില്ലെങ്കിലും സംസ്‌ഥാനഭരണം നിയന്ത്രിക്കുക മുഖ്യമന്ത്രി തന്നെ. മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും, ഫയലുകള്‍ ഇ-ഓഫിസ് വഴി കൈകാര്യം ചെയ്യും.
മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചപ്പോഴേക്കും അമേരിക്ക വലിയ ദുരന്തത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ്. പെട്ടന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നടുങ്ങിയിരിക്കുകയായാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സസ്. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 24 പേർ മരിച്ചു. സമ്മർ ക്യാംപില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ കാണാതായി. കാണാതായവർക്കായുള്ള തിരച്ചിലും പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുമുള്ള രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റദ്ദാക്കി. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞുറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു.

















