വിണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നി മണ്ഡലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എംഎല്‍എയുടെ കുറിപ്പ്. ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന നിലയില്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ ഇടതുപക്ഷ സർക്കാർ മാറ്റിയിട്ടുണ്ട്.ആരോഗ്യ മേഖലയെ കേരളത്തിനായി നയിക്കുന്നത് വീണാ ജോർജാണ്. അതുകൊണ്ടുതന്നെ വലതുപക്ഷവും മാധ്യമങ്ങളും വലിയ രീതിയിലുള്ള വേട്ടയാടലാണ് സഖാവിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. വേട്ടയാടല്‍ എതിരെ കയ്യുംകെട്ടി നോക്കിനില്‍ക്കാൻ എംഎല്‍എ എന്ന നിലയില്‍ ഉദ്ദേശിക്കുന്നില്ല. വീണാ ജോർജിനെ വേട്ടയാടാൻ വിട്ടുതരില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാൽ ആരോഗ്യവകുപ്പ് ഭരണാധികാരികളുടെ അനാസ്ഥകൊണ്ട് ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് നിരർത്ഥകമായ വാദങ്ങൾ നിരത്തി മന്ത്രിയെ രക്ഷിക്കാനുള്ള എംഎൽഎയുടെ ശ്രമം മാത്രമായിട്ടേ ഇതിനെ കാണാൻ ആവൂ. വീണ ജോർജ് എന്ന മന്ത്രിയുടെ വ്യക്തിപരമായ അലംഭാവം പോലും രക്ഷാപ്രവർത്തനം വൈകിച്ചു എന്ന് ആരോപണമുണ്ട്. കേരളത്തിലെ നിരവധി സർക്കാർ ആശുപത്രികളുടെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ ആണെന്നും, രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്നില്ല എന്നും അവശ്യ മരുന്നുകൾ പോലും ആശുപത്രികളിൽ ഇല്ല എന്നുമുള്ള യാഥാർത്ഥ്യങ്ങൾ മറച്ചുപിടിച്ചുകൊണ്ട് പൊള്ളയായ അവകാശവാദങ്ങളുമായി പ്രശ്നത്തെ വഴിതിരിച്ചുവിടാനാണ് ജിനീഷ് കുമാറിന്റെ ശ്രമം എന്ന് വ്യക്തം. എന്നാൽ ഇതിനെല്ലാം അപ്പുറം കടുത്ത ജനവികാരമാണ് മന്ത്രി വീണാ ജോർജിനും സർക്കാരിനും എതിരെ കേരളത്തിൽ അലയടിക്കുന്നത്.
കെ.യു ജെനീഷ് കുമാർ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത് ചുവടെ വായിക്കാം
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ അപകടവും കൂട്ടിരിപ്പുകാരിയായ ബിന്ദുവിന്റെ മരണവും ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്റെയും നാടിന്റെയുംദു:ഖത്തില്‍ പങ്ക് ചേരുന്നു.എന്നാല്‍ ഈ ദാരുണമായ സംഭവത്തെ മുൻനിർത്തി കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കുവാനുള്ള ശ്രമമാണ് മാധ്യമങ്ങളും വലതുപക്ഷവും ശ്രമിക്കുന്നത്. ചരിത്രപരമായ നേട്ടങ്ങളാണ് കേരളത്തില്‍ ആരോഗ്യവകുപ്പ് കൈവരിച്ചിട്ടുള്ളത്.എല്‍ഡിഎഫ് സർക്കാർ കോന്നി മണ്ഡലത്തിനു വേണ്ടി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാലഘട്ടത്തില്‍ മാത്രം നടത്തിയ വികസന പ്രവർത്തനങ്ങള്‍ ചുവടെ ചേർക്കുന്നു.കോന്നി മെഡിക്കല്‍ കോളേജ്സ. വീണ ജോർജ്ജ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് 200 ബെഡ്ഡുകളും 7 വിഭാഗങ്ങളും ഉള്ള ഏഴു നിലയുള്ള ആശുപത്രി കെട്ടിടം അതിവേഗം പുരോഗമിക്കുന്നത്.341 ജീവനക്കാരുടെ തസ്തികകള്‍ കോന്നി മെഡിക്കല്‍ സൃഷ്ടിക്കാൻ എല്‍ഡിഎഫ് സർക്കാരിന് കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഇപ്പോള്‍ 95 ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്.ഒപ്പം 3 കോടി രൂപ ചിലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ലേബർ വാർഡ്, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു.ലക്ഷ്യ ലേബർ വിഭാഗത്തില്‍ ഒരു മേജർ OT, ഒരു മൈനർ OT, ഒരു സെപ്റ്റിക് OT എന്നിവ പൂർത്തീകരിച്ചു.ഒപ്പം മെഡിക്കല്‍ കോളേജില്‍ പൂർത്തീകരിച്ച 6 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും പുതിയതായി മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു.ഇതോടെ കോന്നി മെഡിക്കല്‍ കോളേജില്‍ 12 ഓപ്പറേഷൻ തിയേറ്ററുകള്‍ ഉണ്ടാകും.അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള രണ്ട് ഐസിയു യൂണിറ്റുകള്‍ പൂർത്തീകരിക്കാൻ സാധിച്ചു.15 കിടക്കകളുള്ള ഒരു ഐസിയു യൂണിറ്റ് കുഞ്ഞുങ്ങള്‍ക്കായി ഉള്ളതാണ്.20 ബെഡുകളും അതില്‍ ഏഴു വെന്റിലേറ്ററുകളുമുള്ള ഐസിയു യൂണിറ്റ് നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർണമായും പൂർത്തീകരിച്ചു.അഞ്ചുകോടി രൂപ ചിലവഴിച്ച് അത്യാധുനിക നിലവാരത്തിലുള്ള സി.റ്റി സ്കാൻ മെഷീൻ സ്ഥാപിച്ചു.കേരളത്തിലെ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ബ്ലഡ് ബാങ്ക് കോന്നി മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചു.മെഡിക്കല്‍ കോളേജില്‍ രണ്ട് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നനും എല്ലാ കിടക്കകളും ഓക്സിജൻ ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിക്കുന്നതിനും സാധിച്ചു.H. L. L നേതൃത്വത്തില്‍ ആധുനിക നിലവാരത്തിലുള്ള ഫാർമസി മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു.ഇവിടെ എല്ലാ ആവശ്യമരുന്നുകളും സർജിക്കല്‍ ഇൻപ്ലാന്റുകളും ലഭ്യമാകും.കാരുണ്യ ഫാർമസി പ്രവർത്തനമാരംഭിച്ചു.എല്ലാദിവസവും പ്രവർത്തിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഉള്ള മോർച്ചറിയും കോന്നി മെഡിക്കല്‍ കോളേജില്‍ പ്രവർത്തനമാരംഭിച്ചു.ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള 11 നിലകള്‍ വീതമുള്ള നാല് ഫ്ലാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണം പൂർണ്ണമായും പൂർത്തീകരിക്കുന്നതിനും രണ്ടെണ്ണം 80% പൂർത്തീകരിക്കുന്നതിനും സാധിച്ചു.കുട്ടികള്‍ക്ക് താമസിക്കുന്നതിനായി ഗേള്‍സിന്റെയും ബോയ്സിന്റെയും ഹോസ്റ്റല്‍ നിർമ്മാണം പൂർത്തീകരിച്ചു പ്രവർത്തനമാരംഭിച്ചു.അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമാണവും പൂർണമായും പൂർത്തീകരിച്ചു.മെഡിക്കല്‍ കോളേജില്‍ ഊർജ്ജ പ്രതിസന്ധി ഉണ്ടാകാതെ ഇരിക്കാൻ രണ്ടു കോടി രൂപ അനുവദിച്ച് സൗരോർജ്ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന പ്രവർത്തനം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.മെഡിക്കല്‍ കോളേജിലേക്ക് ആംബുലൻസും കോളേജ് ബസ്സും അനുവദിച്ചു.കൂടാതെമെഡിക്കല്‍ കോളേജ് ബസ് സ്റ്റേഷന് തുക അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.മെഡിക്കല്‍ കോളേജിലേക്കുള്ള റോഡുകള്‍ ആധുനികനിലവാരത്തില്‍ നിർമ്മിക്കുന്നതിനുള്ള പ്രവർത്തികള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്.നഴ്സിംഗ് വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമാണ് ആരോഗ്യമന്ത്രി എന്ന നിലയില്‍ സ. വീണാ ജോർജ് കോന്നിയില്‍ സാധ്യമാക്കിയത്. കോന്നി മെഡിക്കല്‍ കോളേജിലും സീതത്തോട്ടിലും സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടു നഴ്സിംഗ് കോളേജുകള്‍ അനുവദിച്ച് യാഥാർത്ഥ്യമാക്കി മൂന്നു വർഷം പിന്നിടുകയാണ്.
● താലൂക് ആശുപത്രി,കോന്നി 6 നിലയുള്ള ആശുപത്രി കെട്ടിടം 95% പ്രവർത്തിയും പൂർത്തീകരിച്ചു.
● രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ലക്ഷ്യ ലേബർ വാർഡും ഓപ്പറേഷൻ തീയറ്ററും80% പൂർത്തിയാക്കി.
●ഓ.പി ഡിപ്പാർട്മെന്റ് നിർമ്മിക്കുന്നതിനായി 93 ലക്ഷം രൂപ അനുവദിച്ചു.95% നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചു.
●ഐ. ഓപ്പറേഷൻ തീയേറ്റർ 1 കോടി രൂപ അനുവദിച്ചു.നിർമാണം ആരംഭിച്ചില്ല. പുതിയ കെട്ടിടം പൂർത്തിയാക്കുമ്ബോള്‍ പഴയ ആശുപത്രി കെട്ടിടത്തില്‍ ഐ. ഓപ്പറേഷൻ തിയേറ്ററിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിയും.
●കോന്നി താലൂക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ്, അനസ്ത്യേഷ്യ ഡോക്ടർമാർ ചാർജ് എടുത്തു.
●50 ലക്ഷം രൂപ അനുവദിച്ചു ഡയാലിസിസ് ഉപകരണങ്ങള്‍ വന്നു. പുതിയ ആശുപത്രി നിർമാണം പൂർത്തിയാകുമ്ബോള്‍ പഴയ കെട്ടിടത്തില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ കഴിയും.
●ഐസൊലേഷൻ വാർഡ് 2.5 കോടി രൂപ അനുവദിച്ചു.നിലവിലെ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാത്തത് കൊണ്ട് പദ്ധതി നിർമാണം ആരംഭിച്ചില്ല.നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിലെ ഐ സി യു വിലേക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും വെന്റിലേറ്ററുകള്‍ അനുവദിച്ചു.
●കൂടല്‍ കുടുംബാരോഗ്യ കേന്ദ്രം.ജീർണാവസ്ഥയിലായിരുന്ന കൂടല്‍ ഗവ.ആശുപത്രിക്ക് 1.30 കോടി രൂപ എംഎല്‍എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.കൂടാതെ സർക്കാർ അനുവദിച്ച6.62 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങള്‍ അതിവേഗത്തില്‍ പൂർത്തിയായി വരുന്നു. രണ്ടു നിലകളുടെ വാർപ്പ് കഴിഞ്ഞു.മൂന്നാം നിലയുടെ നിർമാണം നടക്കുന്നു .
●മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രംസ്‌ഥലപരിമിതി മൂലവും കാലപ്പഴക്കം ചെന്ന കെട്ടിടം മൂലവും ദുരിതത്തില്‍ ആയിരുന്ന മലയാലപ്പുഴ ഗവ.ആശുപത്രിക്ക്7.62 കോടി രൂപ ഉപയോഗിച്ച് രണ്ടു നിലയുള്ള 16000 ച. അടി വിസ്തീർണമുള്ള ആധുനിക ആശുപത്രി കെട്ടിടം 80% പൂർത്തിയായി.ടൈല്‍, പ്ലാസ്റ്ററിങ് വർക്കുകള്‍ പൂർത്തിയായി വരുന്നു.
●വള്ളിക്കോട് ഗവ. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം.വള്ളിക്കോട് ഗവ. ആശുപത്രിയെ കോന്നി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി.1.08 കോടി രൂപ ചിലവഴിച് പുതിയ ആശുപത്രി കെട്ടിടം പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ചു.നിർമാണത്തിനായി എംഎല്‍എ ഫണ്ട്, സർക്കാർ ഫണ്ട് എന്നിവ വിനിയോഗിച്ചു.
● ചിറ്റാർ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ.ചിറ്റാർ സിഎച്ച്‌സിക്ക്രണ്ടു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.
● മൈലപ്ര കുടുംബാരോഗ്യ കേന്ദ്രം.കാലപ്പഴക്കം ചെന്ന കെട്ടിടമുള്ള മൈലപ്ര ഗവ.ആശുപത്രി1.43 കോടി രൂപ വിനിയോഗിച്ച് പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു.
●കൊക്കാത്തോട് കുടുംബാരോഗ്യ കേന്ദ്രം.അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കത്തോട് ഗവ.ആശുപത്രിക്ക് ആധുനിക നിലവാരത്തിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനായി 1.24 കോടി രൂപ വിനിയോഗിച്ച് നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു.വാപ്കോസ് ആണ് നിർവഹണ എജൻസി.
●ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ
●8 കോടി രൂപ വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ചു.ബ്ലോക്ക് കുടുംബ ആരോഗ്യം കേന്ദ്രമാക്കുന്നതിനു അധികത്തില്‍ 36 ലക്ഷം രൂപ അനുവദിച്ചു.
● ചിറ്റാർ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി.7 കോടി രൂപ ഉപയോഗിച്ച് ആദ്യ ഘട്ട നിർമാണ പ്രവർത്തനം ആരംഭിച്ചു.പ്രമാടം സീതത്തോട് ആങ്ങമൂഴി സർക്കാർ ആശുപത്രികള്‍ 15 ലക്ഷം രൂപ വീതം അനുവദിച്ചു കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.
●മണ്ഡലത്തില്‍ ഇടത്തറ, വയക്കര,മുതുപേഴുങ്കല്‍, പുതുക്കുളം, കാഞ്ഞിരപ്പാറ , തണ്ണിത്തോട് പ്ലാന്റെഷൻ, കോട്ടമണ്‍പാറ, കൊച്ചു കോയിക്കല്‍ ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 55 ലക്ഷം രൂപ വീതം അനുവദിച്ചു.
● മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ 8 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും ആംബുലൻസ് വിതരണം ചെയ്തു.
●എംഎല്‍എ ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ മലയോര മേഖലയില്‍ നിന്നും രോഗികളെ വലിയ ആശുപത്രിയില്‍ എത്തിക്കാൻ കേരളത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനം ഉള്ള വെന്റിലേറ്റർ ആംബുലൻസ് 55 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങി.
ഇത് ഇടതുപക്ഷം ഭരിക്കുമ്ബോള്‍ കോന്നി നിയോജക മണ്ഡലത്തിലെ ആശുപത്രികളില്‍ മാത്രം കൊണ്ടുവന്ന മാറ്റങ്ങളാണ്. ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന നിലയില്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ ഇടതുപക്ഷ സർക്കാർ മാറ്റിയിട്ടുണ്ട്. ആരോഗ്യ മേഖലയെ കേരളത്തിനായി നയിക്കുന്നത് സ. വീണ ജോർജാണ്. അതുകൊണ്ടുതന്നെ വലതുപക്ഷവും മാധ്യമങ്ങളും വലിയ രീതിയിലുള്ള വേട്ടയാടലാണ് സഖാവിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. വേട്ടയാടല്‍ എതിരെ കയ്യുംകെട്ടി നോക്കിനില്‍ക്കാൻ എംഎല്‍എ എന്ന നിലയില്‍ ഉദ്ദേശിക്കുന്നില്ല.സ.വീണാ ജോർജിനെ വേട്ടയാടാൻ വിട്ടുതരില്ല.-കെ യു ജനീഷ് കുമാർ എം എല്‍ എ

















