ചില സമുദായങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധത്തില്‍ സാമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗാർഥിക്ക് ജോലി നിഷേധിച്ച് സ്റ്റാർട്ടപ്പ്. 22 ലക്ഷം രൂപ പ്രതിവർഷ ശമ്ബളമുള്ള ജോലിയാണ് ഉദ്യോഗാർഥിക്ക് നഷ്ടമായത്. മുംബൈ ആസ്ഥാനമായ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോം ‘ജോബി’യാണ് ഉദ്യോഗാർഥിയെ ജോലിക്ക് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജോബിയുടെ സ്ഥാപകൻ മുഹമ്മദ് അഹമ്മദ് ഭട്ടി, ലിങ്ക്ഡ്‌ഇന്നില്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു.
ജോബിയില്‍, ജൂനിയർ ഫ്രന്റ്‌എൻഡ് ഡെവലപർ തസ്തികയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. 12,000 അപേക്ഷ ലഭിച്ചതില്‍നിന്ന്, 450 അഭിമുഖങ്ങള്‍ നടത്തിയിട്ടും ജൂനിയർ ഫ്രന്റ്‌എൻഡ് ഡെവലപർ തസ്തികയിലേക്ക് യോഗ്യതയുള്ള ആളെ ലഭിച്ചില്ലെന്ന ജോബിയുടെ റെഡ്ഡിറ്റിലെ കുറിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നിലവില്‍ ജോലി നിഷേധിക്കപ്പെട്ട ഉദ്യോഗാർഥിയുടെ അപേക്ഷയെത്തുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് യുവാവിനെ ജോലിക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
പശ്ചാത്തലത്തേക്കുറിച്ച് അന്വേഷിച്ചശേഷം ഉടൻ ഓഫർ ലെറ്റർ അയക്കാമെന്ന് ഉദ്യോഗാർഥിക്ക് മെയില്‍ അയക്കുകയും ചെയ്തു. എന്നാല്‍, ഇതിന് പിന്നാലെ ഉദ്യോഗാർഥിയുടെ പശ്ചാത്തലത്തേക്കുറിച്ച് നടത്തിയ പരിശോധനയിലാണ് ലിങ്ക്ഡ്‌ഇന്നില്‍ നടത്തിയ പരാമർശങ്ങള്‍ ജോബിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്നാണ് ഓഫർ ലെറ്റർ അയക്കേണ്ടതില്ലെന്ന് കമ്ബനി തീരുമാനിച്ചത്.

ഒരു വ്യക്തി എത്ര കഴിവുള്ളയാളാണെങ്കിലും അതില്‍ക്കൂടുതല്‍ ഞങ്ങള്‍ വിലനല്‍കുന്നത് ബഹുമാനത്തിനും മര്യാദയ്ക്കുമാണ്. കഴിവ് നിങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നുതരും. എന്നാല്‍, മൂല്യങ്ങളാണ് നിങ്ങള്‍ അവിടെ നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും ജോബി സ്ഥാപകൻ മുഹമ്മദ് അഹമ്മദ് ഭട്ടി കുറിപ്പില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ളതും ജോലി നിഷേധിച്ചുകൊണ്ടുള്ളതുമായ രണ്ട് ഇ മെയിലുകളുടെ സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെ ജോബി അതിയായി ബഹുമാനിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയുള്ളതാകണമെന്ന് വിശ്വസിക്കുന്നതായും ഭട്ടിയുടെ കുറിപ്പിലുണ്ട്.

















