തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില് വൈറലായ പോറ്റിയേ കേറ്റിയേ പാരഡി പാട്ടിനെതിരേ പൊലിസ് കേസെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില് നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള് കൂട്ടത്തോടെ പിൻവലിക്കപ്പെട്ടതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ഉള്പ്പെടെയുള്ളവരുടെ ചിത്രംവെച്ച വിഡിയോകള് പിന്വലിക്കപ്പെട്ടിട്ടുണ്ട്. വിഡിയോ പോസ്റ്റ് ചെയ്തവരുടെ വിവരം പൊലിസ് ശേഖരിച്ചിരുന്നു.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്കിയത്. സംസ്ഥാന പൊലിസ് മേധാവിക്ക് നല്കിയ പരാതി എ.ഡി.ജി.പിക്ക് കൈമാറിയിരുന്നു. അയ്യപ്പന്റെ പേര് ഉപയോഗിച്ചതില് കേസെടുക്കാമെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും എ.ഡി.ജി.പി നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് സംഭവത്തില് കേസെടുക്കുകയും ചെയ്തു.
തിരുവനന്തപുരം സിറ്റി സൈബര് പൊലിസാണ് കേസെടുത്തത്. കേസില് ഗാനരചയിതാവ് ഉള്പ്പെടെ നാല് പേരെ പ്രതി ചേര്ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈര് പന്തല്ലൂര് എന്നിവരാണ് പ്രതികള്. മതവികാരം വ്രണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള് തമ്മില് സ്പര്ധയുണ്ടാക്കിയതിനുമാണ് കേസ്.പാട്ട് ദുരുപയോഗം ചെയ്തതില് നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയില് പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ നിന്ദിച്ചുവെന്നും പരാതിയില് പറയുന്നുണ്ട്.
അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീര്ത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആര്. മതവികാരം വ്രണപ്പെടുന്ന പ്രവര്ത്തിയാണിതെന്നും എഫ്.ഐ.ആറിലുണ്ട്. പാട്ടിനെതിരേ നടപടി വേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആവശ്യപ്പെട്ടിരുന്നു.എന്നാല് പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില് ഗൂഢലക്ഷ്യമുണ്ടെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്മാന് കെ. ഹരിദാസ് പറഞ്ഞു. പരാതി നല്കിയത് സമിതിയല്ല. അത് ചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ്. സംഘടനയില് നിന്ന് വിട്ടുപോയ ആളാണ് പരാതി നല്കിയ പ്രസാദ് കുഴിക്കാലയെന്നും ഹരിദാസ് പറഞ്ഞു.

















