മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട. പൊലീസും അസം റൈഫിള്‍സും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിയിലായത്.

പിടിച്ചെടുത്തവയില്‍ എ കെ 47 സീരീസിലുള്ളതും 21 ഇൻസാസ് റൈഫിളുകളും ഉള്‍പ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിശോധനകള്‍ തുടരുമെന്നും പൊലീസ് വ്യക്തമാക്കി. മണിപ്പൂരിലെ മലയോര ജില്ലകളില്‍ നടന്ന വൻ സുരക്ഷാ ഓപ്പറേഷനിലാണ് 203 ലധികം ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍, ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചത്. ജൂലൈ 3 ന് അർദ്ധരാത്രി മുതല്‍ ജൂലൈ 4 ന് രാവിലെ വരെ നടന്ന ഓപ്പറേഷനില്‍ മണിപ്പൂർ പൊലീസ്, അസം റൈഫിള്‍സ്, ഇന്ത്യൻ ആർമി, കേന്ദ്ര സായുധ പൊലീസ് സേന എന്നിവയുടെ സംയുക്ത ടീമുകളാണ് പങ്കെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടെങ്‌നൗപാല്‍, കാങ്‌പോക്പി, ചന്ദേല്‍, ചുരാചന്ദ്‌പൂർ ജില്ലകളിലെ സംശയാസ്പദമായ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി. 21 ഇൻസാസ് റൈഫിളുകള്‍, 11 എ കെ. സീരീസ് റൈഫിളുകള്‍, 26 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, രണ്ട് സ്നൈപ്പർ റൈഫിളുകള്‍, മൂന്ന് കാർബൈനുകള്‍, 17 .303 റൈഫിളുകള്‍, മൂന്ന് എം 79 ഗ്രനേഡ് ലോഞ്ചറുകള്‍, 30 ഐ ഇ‍ ഡി കള്‍, 10 ഗ്രനേഡുകള്‍, 109 വിവിധ തരം വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തതായി മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

2023 മെയ് 3 മുതല്‍ മണിപ്പൂരില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘർഷങ്ങള്‍ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുന്നതിനായി സുരക്ഷാ സേനകള്‍ തുടർച്ചയായി തിരച്ചില്‍ ഓപ്പറേഷനുകള്‍ നടത്തിവരികയാണ്. പൊതുജനങ്ങള്‍ പൂർണമായും സഹകരിക്കണമെന്ന് മണിപ്പൂർ പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അനധികൃത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സെൻട്രല്‍ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള സുരക്ഷാ സേനകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകളെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക