വിദേശ വനിതകളെ അനധികൃതമായി നാട്ടിലെത്തിച്ച് വാടക അപ്പാർട്ട്മെന്റില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിവന്ന കേന്ദ്രം തുമ്പ പോലീസ് റെയ്ഡ് ചെയ്തു.സംഭവത്തില്‍ രണ്ടു യുവാക്കള്‍ക്കെതിരേ തുമ്പ പോലിസ് കേസെടുത്തു.
കണിയാപുരം പറമ്പില്‍പ്പാലം ആസിഫ് മൻസിലില്‍ ആസിഫ് (28), പോത്തൻകോട് കീഴ്തോന്നക്കൻ അഞ്ജുഭവനില്‍ ആദിഷ് കൃഷ് ണൻ (28) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. തായ്ലാഡില്‍നിന്ന് മനുഷ്യകടത്തിലൂടെ നാട്ടിലെത്തിച്ചു കുളത്തൂർ കുഴിവിള വാർഡില്‍ അലത്തറ കട്ടേല ഞാറ്റടിത്തലയ്ക്കല്‍ കുമാർ ഗാർഡൻസിലെ വീട്ടില്‍ താമസിപ്പിച്ചാണ് പെണ്‍വാണിഭം നടത്തിവന്നത്.
സംഭവത്തില്‍ തായ്ലാൻഡ് സ്വദേശിനികളായ സിറിലക്ക് (42), സുകന്യ കൂൻസ് (29) എന്നിവർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. വേണ്ടത്ര യാത്രാവിവരങ്ങളില്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ചതിനാണ് ഇവർക്കെതിരേ കേസെടുത്തത്.
ദേശീയ സുരക്ഷാ ഏജൻസി നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ സ്റ്റേഷൻ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തുന്നത്.
മനുഷ്യക്കടത്തിനും അനുവാദമില്ലാതെ യുവതികളെ അനാശ്യാസത്തിനു പ്രേരിപ്പിച്ചതിനുമാണ് ആസിഫിനും ആദിഷ്കൃഷ്ണമെതിരേ കുറ്റം ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

















