ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം സ്ഥലത്തെത്തിയത്. ഡാൻസാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈൻ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നതുകൊണ്ടാകാം ഷൈൻ ടോം ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പൊലീസ്.
ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോർത്തിലെ ഹോട്ടലില്‍ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. നടി വിൻ സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈൻ ടോം ജനല്‍ വഴി പുറത്തെത്തിയാണ് ഇറങ്ങിയോടിയത്.
നേരത്തെ സിനിമാ സെറ്റിലെ ദുരനുഭവുമായി ബന്ധപ്പെട്ട് നടി വിൻ സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്ക് എതിരെയാണ് വിൻ സിയുടെ പരാതി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവമെന്നും വിൻ സിയുടെ പരാതിയിലുണ്ട്…

















