തൃശൂർ ജില്ലയിലെ ഗുരുവായൂരില്‍ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളില്‍ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്ബിക്കല്‍ ദിവേക് എന്നിവരുടെ വീടുകളിലാണ് ടെമ്ബിള്‍ എസ്‌എച്ച്‌ഒ ജി. അജയകുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.റെയ്ഡിനിടെ, ദിവേകിന്റെ വീട്ടില്‍ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കുകള്‍, കണക്കില്‍പ്പെടാത്ത പണം, മറ്റ് സുപ്രധാന സാമ്ബത്തിക രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. നിയമവിരുദ്ധ പണമിടപാടുകള്‍ സ്ഥാപിക്കാൻ സഹായകമായേക്കാവുന്ന തെളിവുകളാണ് ഇവ.
സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രഗിലേഷിന്റെ വീട് പരിശോധനാ സമയത്ത് അടച്ചിട്ടിരിക്കുകയായിരുന്നു. പോലീസ് വീടിനു പുറത്ത് പരിശോധന നടത്തുകയും തുടർനടപടികള്‍ക്കായി കാവല്‍ ഏർപ്പെടുത്തുകയും ചെയ്തു.കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് മുസ്തഫയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണമായത് പലിശക്കാരുടെ ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മുസ്തഫയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. കുടുംബത്തിന്റെ ആരോപണം അനുസരിച്ച്, മുസ്തഫ ആറു ലക്ഷം രൂപയാണ് പലിശയ്ക്ക് എടുത്തതെങ്കിലും, ഭീഷണിയെ തുടർന്ന് ഏകദേശം 40 ലക്ഷം രൂപയോളം തിരികെ നല്‍കേണ്ടി വന്നതായാണ് പറയുന്നത്.
ഈ കടുത്ത പീഡനമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന ടെമ്ബിള്‍ പോലീസ്, കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കേസ് ആത്മഹത്യാപ്രേരണ കുറ്റമായി മാറ്റി. ഈ കേസില്‍ പ്രഗിലേഷിനെ ഒന്നാം പ്രതിയായും ദിവിഷിനെ (ദിവേക്) രണ്ടാം പ്രതിയാക്കിയുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.കൂടാതെ, നിയമവിരുദ്ധ പണമിടപാടുകള്‍ തടയുന്നതിനുള്ള കർശന വ്യവസ്ഥകളുള്ള കുബേര ആക്‌ട് കൂടി പ്രതികള്‍ക്കെതിരെ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

















