
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട. പത്ത് കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍. മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാർത്ഥിയുടെ മുറിയില്‍ നിന്ന് മാത്രം രണ്ട് കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്.വേയിംഗ് മെഷീൻ ഉള്‍പ്പടെ പിടികൂടിയിട്ടുണ്ട്.
കൊച്ചി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പോളി ടെക്നിക്കില്‍ ഏഴ് മണിക്കൂറോളമാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന പുലർച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്.ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് മാത്രമല്ല മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥികള്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്‌ക്കുവേണ്ടിയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് എത്തിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.