വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മിനെ വെട്ടിലാക്കി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തലുകളെ കടത്തിവെട്ടുന്നതായി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ് പരാമർശം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തല്‍ പാർട്ടിയെ ഞെട്ടിച്ചിരുന്നു.ബി.ജെ.പിയില്‍ ചേരാൻ ഇ.പി. ജയരാജൻ ദല്ലാള്‍ നന്ദകുമാറിനൊപ്പം ചർച്ച നടത്തിയെന്ന് ചില ബി.ജെ.പി നേതാക്കള്‍ തലേന്നുവരെ പറഞ്ഞുകൊണ്ടിരുന്നു. പാർട്ടി നേതൃത്വം ഇ.പിയെ പ്രതിരോധിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇ.പി കൂടിക്കാഴ്ച ശരിയെന്ന് ഏറ്റുപറഞ്ഞത്.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജന്റേതായി ആത്മകഥ പുറത്തുവന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കി. ആ കഥ തന്റേതല്ലെന്ന് പറഞ്ഞ് ഇ.പി. ജയരാജൻ നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ആത്മകഥ പുറത്തുവന്നതില്‍ പലരും ദൂരൂഹത ആരോപിച്ചിരുന്നു. ഇങ്ങനെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇ.പിയെ ചുറ്റിപ്പറ്റിയുള്ള വിവാദം പാർട്ടിക്ക് തലവേദനയായി.പാപിക്കൊപ്പം ശിവൻകൂടിയാല്‍ ശിവനും പാപിയായിടുമെന്ന് പറഞ്ഞ് ഇ.പി. ജയരാജനെ പിണറായി വിജയൻ വരെ തള്ളിപ്പറഞ്ഞിരുന്നു.
അടിയന്തിരമായ ഒരു ഘട്ടത്തില്‍ തങ്ങള്‍ ആര്‍എസ്‌എസുമായി ചേര്‍ന്നിട്ടുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. അത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നതിനാലാണെന്നും അപ്പോള്‍ മറ്റൊന്നും നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.
എന്നാൽ ഏറെ വൈകാതെ സിപിഎം അനിവാര്യഘട്ടത്തില്‍ ആർഎസ്‌എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തില്‍ എം.വി ഗോവിന്ദൻ മലക്കം മറിഞ്ഞു. പറഞ്ഞത് അമ്ബതുവർഷം മുമ്ബുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്‌എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നും ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

















