തിരുവനന്തപുരം: തലസ്ഥാനാത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം അമ്പലത്തറ സ്വദേശി അമ്പലത്തറ പ്രസാദ് എന്നറിയപ്പെടുന്ന ശിവപ്രസാദ്, കരമന സ്വദേശിയും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ ഷോൺ സഹോദാരൻ ഷൈൻ എന്നിവരാണ് പ്രതി പട്ടികയിൽ.
തിരുവനന്തപുരം പാൽകുളങ്ങര സ്വദേശി സെന്തിൽ കുമാർ എഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് ഇവർക്കുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരനായ സെന്തിൽ കുമാറിന്റെ സുഹൃത്തിന് ഒന്നും രണ്ടും പ്രതികൾ ചേർന്ന് 18 ലക്ഷം രൂപ കടമായി നൽകി. പിന്നീട് ഈ തുക അഞ്ചുമാസം കഴിഞ്ഞ് മടക്കി നൽകി. എന്നാൽ പണം കടമായി നൽകുന്ന സമയം ഇതിൽ ഒന്നാം പ്രതി ശിവപ്രസാദിന്റെ ആവശ്യപ്രകാരം പരാതിക്കാരന്റെയും ഭാര്യയുടെയും പേരിലുള്ള ചെക്കുകളും മുദ്രപത്രങ്ങളും സ്റ്റാമ്പ് പതിച്ച വെള്ള ബ്ലാങ്ക് പേപ്പറുകളും ഈടായി വാങ്ങിയിരുന്നു. ഇടപാട് കഴിഞ്ഞിട്ടും ഇവ മടക്കി നല്കാൻ പ്രതികൾ തായ്യാറായില്ല എന്നാണ് പരാതിയിൽ പറയുന്നത്.
മാത്രമല്ല ഇവ മടക്കി ചോദിച്ചപ്പോൾ തിരുവനന്തപുര൦ വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ വച്ച് ഒന്നാം പ്രതി അമ്പലത്തറ പ്രസാദ് രണ്ടും മൂന്നും പ്രതികളുടെ സാന്നിധ്യത്തിൽ പരാതിക്കാരനെ തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു . ഐപിസി 406 , 420 , 506 ,34 വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

















