മലയാളികളുടെ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചതായി ഇവർക്കെതിരെ റിപ്പോർട്ടുകള്‍ ഉണ്ട്. ഈ നിക്ഷേപകരില്‍ കൂടുതലും യുഎഇയിലെ പ്രവാസികളാണ്.
2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ ഹൈദരാബാദ് സെൻട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹീര ഗ്രൂപ്പിന്റെ വിവിധ പദ്ധതികളിലായി നിരവധി പേരാണ് നിക്ഷേപം നടത്തിയിരുന്നത്. തട്ടിപ്പ് പുറത്തായതോടെ തങ്ങളുടെ സമ്ബാദ്യമെല്ലാം നഷ്ടപ്പെട്ട വേദനയിലാണ് നിക്ഷേപകർ.
ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് സെൻട്രല്‍ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമീഷണർ ശ്വേത പറഞ്ഞു. 2024 ഒക്ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവർ കോടതിയില്‍ കീഴടങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹീര ടെക്സ്റ്റൈല്‍സ്, ഹീര ഗോള്‍ഡ്, ഹീര ഫുഡക്സ് തുടങ്ങിയ ബിസിനസുകളിലൂടെ ആള്‍ക്കാരില്‍ നിന്നും 36 ശതമാനം വരെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. 2018ല്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കമ്ബനി പേഔട്ടുകള്‍ നിർത്തിവെക്കുകയായിരുന്നു. ഇന്ത്യക്കകത്തും ഗള്‍ഫ് രാജ്യങ്ങളിലുമായി നിരവധി പേരായിരുന്നു ഇതില്‍ നിക്ഷേപം നടത്തിയിരുന്നത്. നൗഹീര ഷെയ്ഖ് ആദ്യം അറസ്റ്റിലായത് 2018ലായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

















