ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച് സിപിഎം രംഗത്ത് വന്നത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറാകണം എന്ന ആവശ്യമാണ് സിപിഎം ഉയർത്തുന്നത്. സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് ഭരണത്തിലുള്ളത് കേരളത്തില്‍ മാത്രമാണ്. സിപിഎം ഭരിക്കുന്ന കേരളത്തിലെ മാവോയിസ്റ്റുകളുമായും ചർച്ച നടത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയല്ലേ ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
സിപിഎമ്മിന്റെ ജീവാത്മാവും പരമാത്മാവുമായ പിണറായി വിജയൻ ഭരിക്കുന്ന കേരളത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഒമ്ബത് മാവോയിസ്റ്റുകളാണ്. 2000നും 2025നും ഇടയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കണക്കാണിത്. ഇവരെല്ലാം കൊല്ലപ്പെട്ടത് 2016ന് ശേഷമാണ്. എന്നുവച്ചാല്‍, കാല്‍നൂറ്റാണ്ടിനിടെ കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് സഖാവ് പിണറായി വിജയൻ എന്ന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് – മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് നാട് ഭരിക്കുമ്ബോഴാണ്.
മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്റെ സഹോദരൻ സി.പി.ജലീലിനെ 2019 മാർച്ചില്‍ വൈത്തിരിയിലെ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. പിണറായി റിപ്പബ്ലിക്കില്‍ മാവോയിസ്റ്റുകള്‍ക്ക് വെടിയുണ്ടയും ബാക്കിയിടങ്ങളില്‍ ചർച്ചയും എന്നതാണോ സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാടും നയവുമെന്ന് വ്യക്തമാക്കേണ്ടത് മലയാളിയും സിപിഎം ജനറല്‍ സെക്രട്ടറിയുമായ എം എ ബേബിയാണ്. കേരളത്തില്‍ 735 കേസുകളാണ് മാവോയിസ്റ്റുകള്‍ക്ക് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 14 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഭരണനേട്ടമായാണ് കേരളത്തിലെ സിപിഎമ്മും അവരുടെ അണികളും കണക്കുകൂട്ടുന്നത്.
കേരളത്തില്‍ പലപ്പോഴും കൊല്ലപ്പെട്ടത് നിരായുധരായ മനുഷ്യരാണെന്ന ആരോപണം ഇടതുപക്ഷത്തുനിന്നു തന്നെ ഉയർന്നിരുന്നു. അലനും താഹയും പോലുള്ള ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ലേഖനങ്ങള്‍ കൈവശം വച്ചിരുന്നു എന്നാരോപിച്ചാണ്.ഒരു ജനാധിപത്യ രാജ്യത്തില്‍ ഏത് ആശയവും പ്രചരിപ്പിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യം സംസ്ഥാന സർക്കാരിനോടോ സിപിഎമ്മിനോടോ സാക്ഷാല്‍ പിണറായി വിജയനോടോ ചോദിക്കാൻ ധൈര്യം ആർക്കുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അത്തരം ചോദ്യങ്ങളും ചെറുത്തുനില്‍പ്പുകളുമൊക്കെ നടത്തിയിരുന്നു. പിന്നീട് അദ്ദേഹവും പൂർണമായും സിപിഎമ്മിന് വിധേയപ്പെടുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ കേരളത്തിന് കാണാൻ കഴിഞ്ഞത്.
സിപിഎം കേന്ദ്ര നേതൃത്വം ഇപ്പോള്‍ പറയുന്നത്:
ഛത്തീസ്ഗഢില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്ബാല കേശവറാവു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ സിപിഎം ശക്തമായി അപലപിക്കുന്നു. ചർച്ചകള്‍ക്കായുള്ള ആവർത്തിച്ചുള്ള മാവോയിസ്റ്റുകളുടെ അഭ്യർത്ഥന കേന്ദ്ര സർക്കാരും ബിജെപിയും അവഗണിക്കുന്നു എന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. നമ്മുടെ മുഖ്യമന്ത്രിയും മാവോയിസ്റ്റ് വേട്ടയുടെ ആശാനുമായ പിണറായി വിജയന്റെ കൂടി ഘടകമാണ് പോളിറ്റ് ബ്യൂറോ എന്നോർക്കണം. സംഭാഷണത്തിലൂടെ പരിഹാരം തേടേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.ചർച്ചകള്‍ക്കായി മാവോയിസ്റ്റുകളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകള്‍ അവഗണിച്ചുകൊണ്ട്, കേന്ദ്ര സർക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരും സംഭാഷണത്തിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം, അവർ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് പിന്തുടരുന്നതെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നുണ്ട്.
കേരളത്തില്‍ നിങ്ങള്‍ മാവോയിസ്റ്റുകളുമായി എത്ര ചർച്ചകള്‍ നടത്തി സഖാവേ എന്ന ചോദ്യം കേരളത്തിന് പുറത്തുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പിണറായി വിജയനോടും എം എ ബേബിയോടും ചോദിച്ചുകാണും എന്ന് നമുക്ക് പ്രത്യാശിക്കാം.കേന്ദ്ര ആഭ്യന്തര മന്ത്രി സമയപരിധി ആവർത്തിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളും ചർച്ചകളുടെ ആവശ്യമില്ലെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും, മനുഷ്യജീവനുകള്‍ എടുക്കുന്നത് ആഘോഷിക്കുന്നതായി തോന്നുന്ന ഒരു ഫാസിസ്റ്റ് മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്നാണ് സിപിഎം പ്രസ്താവനയില്‍ പറയുന്നത്. കേരളത്തിലും മാവോയിസ്റ്റ് വേട്ടയെ ഹീറോയിസമായി തന്നെയല്ലേ പിണറായി സർക്കാരും അതിന്റെ സ്തുതിപാടകരും അവതരിപ്പിച്ചത് എന്ന വിമർശനവും എങ്ങും ഉയരാൻ സാധ്യതയില്ല. ചർച്ചയ്ക്കുള്ള അഭ്യർത്ഥന പരിഗണിക്കണമെന്ന് നിരവധി രാഷ്ട്രീയ പാർട്ടികളും പ്രമുഖവ്യക്തികളും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സിപിഎം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോടുള്ള എതിർപ്പ് കണക്കിലെടുക്കാതെ, ചർച്ചകള്‍ക്കുള്ള അവരുടെ അഭ്യർത്ഥന ഉടൻ അംഗീകരിക്കാനും എല്ലാ അർദ്ധസൈനിക പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനും സിപിഎം സർക്കാരിനോട് അഭ്യർത്ഥിച്ചു.
കമ്മ്യൂണിസ്റ്റുകളെ തോക്കെടുത്ത് കാടുകയറാൻ പ്രേരിപ്പിച്ച സിപിഎം നേതൃത്വം:
സായുധ വിപ്ലവമെന്ന സ്വപ്നം നല്‍കിയാണ് ഇന്ത്യയിലെ യുവാക്കളെ സിപിഐയില്‍ നിന്നും അടർത്തിമാറ്റി എകെജിയും ബിടി രണദിവെയും വി എസ് അച്ചുതാനന്ദനും സാക്ഷാല്‍ ഇഎംഎസും ഉള്‍പ്പെടെയുള്ളവർ സിപിഎം രൂപീകരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നും പാർട്ടി സഖാക്കള്‍ പൊരുതിക്കയറി ഡല്‍ഹിയിലെത്തുമ്ബോള്‍ അതിർത്തിക്കപ്പുറത്തു നിന്നും പൊരുതിക്കയറി പട്ടാളത്തെ പരാജയപ്പെടുത്തിയ ചൈനീസ് സഖാക്കള്‍ അവിടെ കാത്തു നില്‍ക്കുന്നതും ഇന്ത്യയുടെ അധികാരം ചൈനീസ് ചെമ്ബട പാർട്ടി നേതാക്കളുടെ കൈവെള്ളയിലേക്ക് കൈമാറുന്നതും സ്വപ്നം കണ്ട ചാരുമജുംദാറിനെ പോലുള്ള ചെറുപ്പക്കാരായിരുന്നു ആദ്യകാലത്ത് സിപിഎമ്മിന്റെ മൂലധനം. എന്നാല്‍, പിന്നീട് സായുധ വിപ്ലവത്തിന് ആളും അർത്ഥവുമില്ലെന്ന് എകെജി തുറന്നു പറഞ്ഞതോടെയാണ് വിപ്ലകാരികളായ ഒരുപറ്റം ചെറുപ്പക്കാർ ബംഗാളിലെ നക്സല്‍ബാരിയില്‍ സംഘടിച്ച് സായുധ സംഘടനയായി പ്രവർത്തനം തുടങ്ങിയത്.ഇന്ന് സിപിഎമ്മിന് കേരളത്തില്‍ ഒരു നയവും കേരളത്തിന് പുറത്ത് മറ്റൊരു നയവുമാണ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ മുതല്‍ മാവോയിസ്റ്റ് വേട്ടയില്‍ വരെ ആ വൈരുദ്ധ്യം പ്രകടമാണ്.

















