സ്വന്തം പാർട്ടി പ്രതിനിധിയായ നഗരസഭ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് കാശ് വാരി എറിഞ്ഞാണെന്ന സൂചനയുമായി കേരള കോൺഗ്രസ് എം പാലാ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ബിജു പാലൂപടൻ. മലയാള മനോരമയോടാണ് ഇതിന്റെ സൂചനകൾ പങ്കുവെച്ച് പാലൂപടവൻ പ്രതികരിച്ചത്. യുകെയിൽ ജോലി ചെയ്തു വരികയായിരുന്ന സിപിഐ അംഗം ആർ സന്ധ്യ വോട്ടിങ്ങിനു വേണ്ടി പാലായിൽ പറന്നിറങ്ങിയതോടെയാണ് അന്ന് ചെയർമാൻ ആയിരുന്ന ഷാജു തുരുത്തനെ പുറത്താക്കുവാൻ ആവശ്യമായ ഭൂരിപക്ഷം മാണി ഗ്രൂപ്പിനും ഇടതുമുന്നണിക്കും ലഭിച്ചത്.

ഷാജു തുരുത്തന് പകരം ചെയർമാനായി പദവിയേറ്റ തോമസ് പീറ്റർ പണം മുടക്കിയാണ് ആർ സന്ധ്യയെ യുകെയിൽ നിന്ന് നാട്ടിലെത്തിച്ചതെന്ന് അന്നുതന്നെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ പാർട്ടി നിർദ്ദേശിച്ചത് അനുസരിച്ചാണ് താൻ വോട്ടിങ്ങിന് എത്തിയത് എന്നായിരുന്നു സിപിഐ കൗൺസിലറായ സന്ധ്യ ഇതിനോട് പ്രതികരിച്ചത്. എന്നാൽ തങ്ങൾ പണം മുടക്കിയാണ് സന്ധ്യയെ വോട്ട് ചെയ്യാനായി ഏതാനും ദിവസത്തേക്ക് മാത്രം പാലായിൽ എത്തിച്ചതെന്ന തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത് മാണി ഗ്രൂപ്പിന്റെ പാലാ മണ്ഡലം പ്രസിഡൻറ് ബിജു പാലൂടവനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹന വാഗ്ദാനങ്ങൾ നൽകി തന്റെ സഹായം സ്വീകരിച്ച കേരള കോൺഗ്രസുകാർ ഇപ്പോൾ തന്നെ ചവിട്ടി പുറത്താക്കി എന്ന സന്ധ്യയുടെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ധ്യയ്ക്ക് വേണ്ടി പണം മുടക്കി എന്ന് വെളിപ്പെടുത്തിയ ബിജു പാലുപടവനെതിരെയും സന്ധ്യയുടെ ശബ്ദ സന്ദേശത്തിൽ ആരോപണമുണ്ട്. തന്റെ ഭർത്താവ് മരിച്ചപ്പോൾ പോലും കേരള കോൺഗ്രസുകാർ തിരിഞ്ഞുനോക്കിയില്ല എന്നാണ് സന്ധ്യയുടെ ഒരു ആരോപണം. ഇതുമായി ബന്ധപ്പെട്ട് മലയാള മനോരമയോടാണ് സന്ധ്യയ്ക്ക് വേണ്ടി പണം മുടക്കി എന്ന വസ്തുത ബിജു പാലൂപടവൻ തുറന്നു പറഞ്ഞിരിക്കുന്നത്.

കേരള കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും 15 കൗൺസിലർമാർ മാത്രമുള്ള ഗ്രൂപ്പിൽ പങ്കുവെച്ച സന്ധ്യയുടെ ശബ്ദ സന്ദേശം ചോർന്നത് കൗൺസിലർമാർക്കിടയിൽ തന്നെ പരസ്പരം സംശയം ഉടലെടുക്കുവാൻ കാരണമായിട്ടുണ്ട്. മുൻപ് ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയ്ക്ക് പോയ കേരള കോൺഗ്രസ് കൗൺസിലർമാർ പണം വെച്ച് പകിട കളിച്ച ദൃശ്യങ്ങളും ഇവർക്കിടയിൽ നിന്ന് തന്നെ ചോർന്ന് പുറത്തുവന്നിരുന്നു. ഈ ചോർച്ചയെ ചൊല്ലി അന്ന് പാർട്ടിക്കുള്ളിൽ വലിയ വിവാദവും ഉയർന്നിരുന്നു. എല്ലാ മുൻകരുതലുകളും എടുത്തിട്ടും ശബ്ദരേഖ ചോർന്നത് അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് ഇടതുമുന്നണി വൃത്തങ്ങളിൽ വലിയ അഭിപ്രായവ്യത്യാസവും പരസ്പര സംശയവും ജനിപ്പിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക