അർഹതയും യോഗ്യതയും ഇല്ലാതെ അനാവശ്യ സ്ഥലങ്ങളിൽ മേനി നടിക്കുന്ന രാഷ്ട്രീയക്കാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമാണ് കുമ്മനടി. കൊച്ചിൻ മെട്രോയുടെ ഉദ്ഘാടന വേളയിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയോടൊപ്പം മെട്രോ ട്രെയിനിൽ യാത്ര ചെയ്തതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു പരിഹാസ പദപ്രയോഗം കേരളത്തിൽ ഉടലെടുത്തത്. ദിവസങ്ങൾക്കു മുമ്പ് വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടന വേദിയിൽ രാജീവ് ചന്ദ്രശേഖരൻ ഇടംപിടിച്ചതോടെ കുമ്മനടിയേക്കാൾ വലുതാണ് ചന്ദ്രനടി എന്ന പരിഹാസങ്ങളും ഉയർന്നിരുന്നു.

എന്നാൽ ഈ രണ്ടു സംഭവങ്ങളെയും വെല്ലുന്ന അല്പത്തരത്തിനാണ് ഇപ്പോൾ പാലായിലെ ജനസമൂഹം സാക്ഷ്യം വഹിക്കുന്നത്. കഥാനായകൻ ജോസ് കെഎം മാണി ആയതുകൊണ്ട് പരിഹാസ്യമായ ഈ നിലപാടിനെ വേണമെങ്കിൽ ജോസടി എന്നും വിശേഷിപ്പിക്കാം. മാണി സി കാപ്പൻ ഇടതുമുന്നണിയുടെ എംഎൽഎയായായിരുന്ന 2020 – 21 കാലഘട്ടത്തിലെ ബഡ്ജറ്റിൽ ആണ് പാലായിലെ ഗവൺമെന്റ് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുവാനുള്ള ഫണ്ട് അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും കത്തിടപാടുകളും വരെ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധിയും, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം ടെൻഡർ നടപടികൾ ഏതാനും വർഷങ്ങൾ വൈകുന്നത് കേരളത്തിൽ സർവ്വസാധാരണമായ സംഭവമാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പദ്ധതിയുടെ ടെൻഡർ ആയപ്പോഴേക്കും കാപ്പൻ യുഡിഎഫിലും ജോസ് കെ മാണി എൽഡിഎഫിലും എത്തി.

ഇത്തരം യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ട് ജോസ് കെ മാണിയും അനുയായികളും ഇപ്പോൾ നുഴഞ്ഞുകയറി പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്നതാണ് ഏറെ പരിഹാസ്യം. ടെൺഡർ നടപടികൾ പൂർത്തിയായത് അറിഞ്ഞ ഉടനെ രാജ്യസഭാ എംപിയായ കേരള കോൺഗ്രസ് ചെയർമാൻ തന്റെ ഇടപെടലാണ് പദ്ധതി യാഥാർത്ഥ്യമാകുവാൻ കാരണമെന്ന് അവകാശവാദം ഉന്നയിച്ച് പത്രക്കുറിപ്പ് ഇറക്കുകയും പിന്നാലെ അനുയായികൾ ഇതിൻറെ പേരിൽ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് സ്വീകരണം സംഘടിപ്പിക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്തു.

പിന്നാലെ യാഥാർത്ഥ്യം വെളിപ്പെടുത്തിക്കൊണ്ട് മാണി സി കാപ്പന്റെ ഓഫീസ് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിട്ടതോടെ ജോസടി പാലായിൽ സജീവ ചർച്ചാവിഷയം ആയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുംതോറും ഇത്തരത്തിലുള്ള കൂടുതൽ നുഴഞ്ഞുകയറ്റവും, പിതൃത്വവകാശവാദങ്ങളും ഉയരുന്നത് ചിരിക്കാൻ ഉള്ള അവസരമായി കണ്ടു കാത്തിരിക്കുകയാണ് പാലാക്കാർ. വീണ്ടും രാജ്യസഭ രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കുവാൻ ജോസ് കെ മാണി എത്തുമോ എന്ന ആകാംഷയും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക