നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസ് (എം) തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരുമെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ ആരാഞ്ഞ് പാർട്ടി നേതൃത്വം.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ച്‌ യു.ഡി.എഫിലെത്തുക എന്നതാണ് ഒരു നിർദേശം.

അർഹമായ പദവി ലഭിച്ചാല്‍ എൻ.ഡി.എ മുന്നണിയുടെ ഭാഗമാകണം എന്നതാണ് മറ്റൊരു നിർദേശം. ശനിയാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇത്തരത്തിലുള്ള നിർദേശങ്ങള്‍ ഉയർന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അണികളില്‍ ഭൂരിപക്ഷവും സഭാ നേതൃത്വങ്ങളും യു.ഡി.എഫിനോടൊപ്പം പാർട്ടി നില്‍ക്കണമെന്ന താല്‍പര്യക്കാരാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതിനായി കളം ഒരുങ്ങിവന്നെങ്കിലും മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനെയും റാന്നി എം.എല്‍.എ ആയിരുന്ന പ്രമോദ് നാരായണനെയും ഉപയോഗിച്ച്‌ പിണറായി വിജയൻ ഈ നീക്കം തടയുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എം.എല്‍.എയെ പോലും സൃഷ്ടിക്കാൻ കഴിയാതെവന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിലേക്ക് പോകാതിരുന്നത് മണ്ടത്തരമായി എന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തല്‍. ഇതിന് തടയിട്ട റോഷി അഗസ്റ്റിനെതിരെയും പ്രമോദ് നാരായണനെതിരെയും കടുത്ത വിമർശനങ്ങള്‍ ഉയർന്നുവരുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ എല്‍.ഡി.എഫില്‍ തുടരുന്നതില്‍ അർഥമില്ലെന്ന അഭിപ്രായത്തിലാണ് റോഷി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍. തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരുകയും അനുകൂല രാഷ്ട്രീയ സാഹചര്യം വരുമ്പോള്‍ മുന്നണിമാറ്റത്തെ കുറിച്ച്‌ തീരുമാനമെടുക്കാം എന്നതുമാണ് നിലപാടെന്നും അറിയുന്നു.

അതേസമയം, ജോസ് കെ മാണിയേയും കൂട്ടരെയും വട്ടമിട്ട് എൻ.ഡി.എ ക്യാംപ് ചരടുവലികള്‍ നടത്തുന്നുമുണ്ട്. ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കിക്കൊണ്ടുള്ള നീക്കുപോക്കാണ് ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തങ്ങളോടൊപ്പം കേരള കോണ്‍ഗ്രസ് എമ്മിനെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിനായി അനൗദ്യോഗിക ചർച്ചകള്‍ തുടങ്ങിയതായാണ് വിവരം.

എന്നാല്‍, ജോസഫ് വിഭാഗത്തില്‍ ലയിച്ചാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെടുമോ എന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് വാതില്‍ അടയ്ക്കാത്ത കാലത്തോളം കേരള കോണ്‍ഗ്രസ് എമ്മിന് ജോസഫ് വിഭാഗത്തിലേക്ക് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പി.ജെ ജോസഫിന്റെ മകനും നിയുക്ത തൊടുപുഴ എം.എല്‍.എയും ആയ അപു ജോണ്‍ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നേരിട്ട് യു.ഡി.എഫിലേക്ക് എത്താനുള്ള സാഹചര്യം ഇല്ല. ഇനി ഒരു സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണം എന്ന് അഭിപ്രായപ്പെടുന്ന നേതാക്കളുമുണ്ട്. അതേസമയം, ധൃതിപ്പെട്ട് ഒരു തീരുമാനത്തില്‍ എത്തേണ്ടതില്ലെന്ന നിലപാടാണ് ജോസ് കെ. മാണി മുന്നോട്ടുവയ്ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക