മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം അടിച്ചു തകർക്കുകയും ഉടമയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കയാർ വെമ്പ്ലി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസിന് നൽകാൻ പരാതി തയ്യാറാക്കി നൽകിയതിനാണ് സ്ഥാപനത്തിനുള്ളിൽ കയറി അതിക്രമം കാണിച്ചതെന്നു പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പ്രതിയായ യുവാവ് ഏതാനും വർഷങ്ങൾ മുമ്പ് കുട്ടിക്കാലത്ത് സെന്റ് ജോൺസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ വ്യാജ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്നു. ഇവിടെ പഠിച്ച കുട്ടികൾക്ക് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ലഭിച്ച സംഭവത്തിൽ പോലീസിൽ പരാതി തയ്യാറാക്കി നൽകാൻ ആണ് ചില വിദ്യ ജനസേവ കേന്ദ്രം ഉടമയെ ബന്ധപ്പെട്ടത്. ഇതറിഞ്ഞതിന്റെ പകയിലാണ് ഇയാൾ സ്ഥാപനം ആക്രമിക്കുകയും ഉടമയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.
കുട്ടിക്കാനത്തെ സ്ഥാപനം അടച്ചുപൂട്ടിയ ഇയാൾ ഇപ്പോൾ മുണ്ടക്കയത്ത് പുതിയൊരു സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. സേക്രഡ് ഹാർട്ട് കോളേജ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. മൂന്നുമാസം പഠനം പൂർത്തിയാക്കിയാൽ വിദേശ ജോലി എന്നാണ് ഇവിടെ നൽകുന്ന വാഗ്ദാനം. കുട്ടിക്കാനത്ത് നടത്തിയത് പോലുള്ള ഒരു തട്ടിപ്പ് സംരംഭമാണോ ഇത് എന്നും ഇപ്പോൾ സംശയം ഉയരുന്നുണ്ട്.

















