സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്ളോഗര്‍ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. സോഷ്യല്‍ മീഡിയയില്‍ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസിലാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഇയാള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനി ഇത്തരത്തിലുള്ള സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തരുതെന്നും കോടതി കര്‍ശന നിർദ്ദേശം നല്‍കി.
കഴിഞ്ഞാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്ന നടിമാരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമർശം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. തുടർന്നാണ് ഇയാളെ പോലീസ് പിടിക്കൂടിയത്.
സിനിമ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണ് എന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. അതേസമയം ഇതിനു മുൻപും സമാനമായരീതിയില്‍ സിനിമ നടിമാർക്കെതിരെ സന്തോഷ് വർക്കി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

















