കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയർത്തി പുറത്ത് ചാടി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാ‍ർത്ഥിയായ ഡോ.പി.സരിന് സർക്കാരില്‍ പുതിയ നിയമനം നല്‍കുന്നു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മത്സരക്ഷമത നല്‍കുന്നതിനുമായി രൂപീകരിച്ച കേരളാ ഡവലപ്മെന്റ് ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗണ്‍സില്‍ അഥവാ കെ.ഡിസ്കിലാണ് ഡോ.പി.സരിന് നിയമനം നല്‍കുക. കെ.ഡിസ്കില്‍ മീഡിയ കണ്‍സള്‍ട്ടന്റായിട്ടായിരിക്കും സരിന്റെ നിയമനം.വൈകാതെ നിയമന ഉത്തരവ് പുറത്തിറങ്ങും.

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന് സി.പി.എം സ്ഥാനാർത്ഥിയായി മാറിയ സരിന് നിയമനം നല്‍കണമെന്നാണ് സർക്കാർ താല്‍പര്യം. സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ സംബന്ധിച്ച്‌ ഡോ.സരിൻ മുഖ്യമന്ത്രിക്ക് ചില നിർദേശങ്ങള്‍ സമ‍ർപ്പിച്ചിരുന്നു.അക്കൗണ്ടന്റ് ജനറല്‍ പദവിയില്‍ നിന്ന് സ്വയം വിരമിച്ച്‌ രാഷ്ട്രീയത്തിലിറങ്ങിയ സരിന്റെ പരിചയസമ്ബത്ത് പ്രയോജനപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന നേതൃത്വത്തിൻെറയും കാഴ്ചപ്പാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോ.പി.സരിനെ കെ-ഡിസ്കില്‍ നിയമിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പറ്റിയ സ്ഥാനാ‍ർത്ഥിയെ കണ്ടെത്താനാവാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ പാർട്ടിയെ സഹായിച്ച ഡോ.പി.സരിനെ ചേർത്ത് നി‍ർത്തുക എന്ന വികാരവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. സരിന് സർക്കാരിന് ഉചിതമായ പദവി നല്‍കണമെന്ന് സി.പി.എം നേതൃത്വം നേരത്തെ തന്നെ നിർദേശിച്ചിരുന്നു.

കെ.പി.സി.സിയുടെ ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഡോ.പി.സരിൻ. സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രതിരോധം തീർക്കുകയും അവശ്യ ഘട്ടങ്ങളില്‍ ആക്രമണം നടത്തുകയും ചെയ്യുക എന്ന ചുമതലയായിരുന്നു സരിൻ കോണ്‍ഗ്രസില്‍ നിർവ്വഹിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ ഇടപെടലിന്റെ മർമ്മം അറിയുന്ന ഡോ.പി.സരിനെ സി.പി.എമ്മിൻെറ നവമാധ്യമ വിഭാഗത്തില്‍ നിയമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എം.വി.നികേഷ് കുമാറിനെയാണ് മാധ്യമ വിഭാഗത്തില്‍ നിയമിച്ചത്.അപ്പോള്‍ തന്നെ സരിനെ മറ്റേതെങ്കിലും നിർണായക തസ്തികകളില്‍ നിയമിക്കുമെന്ന് സൂചന ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക