ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്നു നടത്തിയ തിരച്ചിലില്‍ രാസലഹരിയായ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്ബ് ബിനു മൻസിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് രണ്ടുഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പതിനെട്ട് ഗ്രാമോളം എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞു കടന്ന മൂന്നംഗസംഘത്തെ പോലീസ് തിരയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലച്ചിറ ജങ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവങ്ങള്‍. കാറിലെത്തിയ മൂന്നുപേർ ബൈക്കില്‍ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് ലഹരി കൈമാറവേ സ്ഥലത്തെത്തിയ ഡാൻസാഫ് സംഘം മുഹ്സിനെ പിടികൂടി. പോലീസിനെ കണ്ടു കാറില്‍ കടന്ന സംഘത്തെ പിന്തുടരവേയാണ് ഇവർ കൈവശമുണ്ടായിരുന്ന എംഡിഎംഎ റോഡിലേക്കു വലിച്ചെറിഞ്ഞത്.തലച്ചിറമുതല്‍ അഞ്ചല്‍വരെ പോലീസ് പിന്തുടർന്നെങ്കിലും സംഘം രക്ഷപ്പെട്ടു. പിന്നീട് ആലഞ്ചേരിക്കു സമീപം ഇവരുടെ കാർ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഈ കാറും മുഹ്സിന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഘത്തിന്റെ മൂന്നു മൊബൈലുകളും പോലീസിനു ലഭിച്ചു. മുഹ്സിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. പോലീസ് വാഹനത്തില്‍നിന്നു രക്ഷപ്പെട്ടോടിയ ഇയാളെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. താൻ ഡിവൈഎഫ്‌ഐ നേതാവാണെന്ന് ആക്രോശിച്ച്‌ ഇയാള്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിലുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചു.

ബെംഗളൂരുവില്‍നിന്ന് മൊത്തവിലയ്ക്ക് രാസലഹരി വാങ്ങി നാട്ടിലെത്തിച്ച്‌ വിതരണം ചെയ്യുന്ന ജില്ലയിലെ പ്രധാനികളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു മയക്കുമരുന്നുവ്യാപാരം നടത്തുന്ന ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങി.കൊല്ലം റൂറല്‍ ഡാൻസാഫ് എസ്‌ഐ കെ.എസ്. ദീപു, അംഗങ്ങളായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ളീറ്റസ്, കൊട്ടാരക്കര എസ്‌ഐ അഭിലാഷ്, ജിഎസ്‌ഐ രാജൻ, അബിസലാം, കിരണ്‍, ഗണേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക