ആർഎംപി സ്ഥാപക നേതാവ് ടി‌പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി അണ്ണൻ സിജിത്തിൻ്റെ പരോള്‍ കാലാവധി നീട്ടി. 30 ദിവസത്തേക്ക് ജയില്‍ ഡിജിപി നല്‍കിയ അടിയന്തിര പരോള്‍ നല്‍കിയിരുന്നു. ബന്ധുവിൻ്റെ മരണത്തെ തുടർന്നാണ് അന്ന് പരോള്‍ നല്‍കിയത്. വീണ്ടും 15 ദിവസം കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിലാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ, കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് ഉള്‍പ്പെടെ പരോള്‍ അനുവദിച്ചത് കെകെ രമ ചോദ്യം ചെയ്തിരുന്നു.ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ കിട്ടുന്നത് ടിപിയുടെ ഭാര്യയും എംഎല്‍എയുമായ കെ കെ രമ നിയമസഭയിലാണ് ചോദ്യം ചെയ്തത്. ടിപി കേസിലെ പ്രതികള്‍ക്ക് ഇത്രയധികം ദിവസത്തെ പരോള്‍ എങ്ങനെയെന്ന ചോദ്യമാണ് രമ ഉയ‍ർത്തിയത്. ടിപി കേസിലെ പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോളും ജാമ്യവുവും കിട്ടുന്നുണ്ട്. കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സർക്കാർ 24 മണിക്കൂറും ആണയിടുന്നത്. പക്ഷേ പ്രതികളെ ജയിലില്‍ നിർത്താൻ സൗകര്യമില്ലെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രം ഇങ്ങനെ പരോള്‍ കിട്ടുന്നതെന്നും രമ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിപി കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളിൻറെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു രമയുടെ ചോദ്യങ്ങള്‍. കെസി രാമചന്ദ്രൻ എന്ന പ്രതിക്ക് 1308 ദിവസത്തെ പരോള്‍ കിട്ടി. അണ്ണൻ സിജിത്ത് എന്ന പ്രതിക്ക് 1305 ദിവസത്തെ പരോളാണ് ലഭിച്ചത്. ട്രൗസർ മനോജിന് 1295 ദിവസത്തെ പരോളും ടി കെ രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചെന്ന് രമ ചൂണ്ടിക്കാട്ടിയിരുന്നു. നിങ്ങള്‍ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോള്‍ കൊടുത്ത് അവരെ നിങ്ങള്‍ സംരക്ഷിക്കുന്നതെന്ന വിമർശനവും സർക്കാരിനെതിരെ രമ ഉന്നയിച്ചിരുന്നു.

സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളായി സമരം ചെയ്യുന്ന ആശാവർക്കർമാരോടും, പി എസ് സി ഉദ്യോഗാർത്ഥികളോടും കാണിക്കാത്ത പരിഗണനയാണ് സംസ്ഥാന സർക്കാർ ക്രൂര കൊലപാതകികളോട് കാണിക്കുന്നതെന്ന് കേരളം തിരിച്ചറിയേണ്ടതാണ്. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള പരോൾ ആണ് ലഭിക്കുന്നത് എങ്കിൽ ഷുഹൈബ്, ശരത് ലാൽ കൃപേഷ് എന്നിവരുടെ കൊലപാതകികളെ രക്ഷിക്കാൻ സുപ്രീം കോടതി വരെ പോയി കേസ് പറഞ്ഞ് സംസ്ഥാന സർക്കാർ അതിനുവേണ്ടി കോടിക്കണക്കിന് രൂപയാണ് പൊതു ഖജനാവിൽ നിന്ന് ചെലവാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക