കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികളിൽ രണ്ടാം സ്ഥാനക്കാരൻ ആണ് പിണറായി വിജയൻ. കേരളത്തിൽ തുടർഭരണം നേടി അധികാരത്തിൽ തിരികെയെത്തിയ ആദ്യ ഭരണാധികാരിയും പിണറായി വിജയൻ തന്നെയാണ്. മുഖ്യമന്ത്രി കസേരയിൽ പിണറായി വിജയൻ 9 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ.
സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ ആണെന്നാണ് പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവരുന്ന പല പ്രതികരണങ്ങളും പലപ്പോഴും സൂചിപ്പിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അടക്കം ഈ പിണറായി വിരുദ്ധത പ്രതിഫലിക്കും എന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. വിലക്കയറ്റവും, വൈദ്യുതി വെള്ള ചാർജ് വർദ്ധനവും, ക്ഷേമപെൻഷൻ മുടങ്ങുന്നതും, ആശാവർക്കർമാരുടെ സമരവും, ലഹരിയുടെ പിടിയിൽ അമർന്ന കേരളവും, മകൾ വീണ വിജയൻറെ കോടിക്കണക്കിന് രൂപയുടെ അഴിമതി ഇടപാടുകളും എല്ലാം മുഖ്യമന്ത്രി വിരുദ്ധ തരംഗത്തിന് ആക്കം കൂട്ടുന്നതാണെന്നാണ് യാഥാർത്ഥ്യം.
എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ തമസ്കരിച്ചു കൊണ്ടുള്ള പി ആർ പ്രചരണങ്ങളും സജീവമാണ്. ഇത്തരത്തിൽ ഒരു പ്രഹസനമാണ് മലയാളം എക്സ്പ്രസ്സ് എന്ന വാർത്താമാധ്യമം പുറത്തുവിട്ട യൂട്യൂബ് വീഡിയോ. തലസ്ഥാന നഗരയിലൂടെ നടന്ന് പിണറായി വിജയനെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് വീഡിയോ എന്നാണ് അവകാശവാദം.
തികച്ചും സ്റ്റേജ് മാനേജ്ഡായ പിണറായി പ്രകീർത്തനമാണ് വീഡിയോ എന്നതാണ് യാഥാർത്ഥ്യം. ഇതൊരു സെൽഫ് ട്രോൾ ആണോ എന്ന് പോലും സാമാന്യ ബുദ്ധിയുള്ളവർ ചിന്തിച്ചു പോകുന്ന തരത്തിലാണ് വീഡിയോയിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതി ഗീതങ്ങൾ നിരവധി ആളുകളെ കൊണ്ട് ഉയർത്തിയിട്ടുള്ളത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിപിഎം ഏഴ് സീറ്റുകൾ നേടുമെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് വിജയിക്കും എന്നും അവകാശപ്പെട്ട് വീഡിയോ ചെയ്തിട്ടുള്ള ചാനൽ തന്നെയാണ് മുഖ്യമന്ത്രിയെ കുറിച്ചുള്ള അഭിപ്രായ സർവ്വേയും പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

















