പോക്സോ കേസില്‍ പ്രതിയായ പാസ്റ്റർ പിടിയിലായി. കോയമ്ബത്തൂർ കിങ്സ് ജനറേഷൻ ചർച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്ബത്തൂർ പോലീസ് പിടികൂടിയത്.ഒളിവിലായിരുന്ന പ്രതിയെ കോയമ്ബത്തൂർ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രായപൂർത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് ജോണ്‍ ജെബരാജിനെതിരായ കേസ്. കോയമ്ബത്തൂരിലെ പ്രതിയുടെ വീട്ടില്‍വെച്ച്‌ കഴിഞ്ഞവർഷം മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടികളിലൊരാള്‍ തനിക്കുണ്ടായ ദുരനുഭവം അടുത്തിടെ ബന്ധുവിനോട് വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം കോയമ്ബത്തൂർ സെൻട്രല്‍ ഓള്‍ വിമൻ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡനത്തിനിരയായ മറ്റൊരു പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിക്ക് മുൻപാകെയും മൊഴി നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് കേസെടുത്തതിന് പിന്നാലെ ജോണ്‍ ജെബരാജ് കോയമ്ബത്തൂരില്‍നിന്ന് മുങ്ങിയിരുന്നു. ഇയാളെ പിടികൂടാനായി പോലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി രാജ്യംവിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറില്‍ ഒളിവില്‍ കഴിയുകയായിരുന്ന ജോണിനെ കസ്റ്റഡിയിലെടുത്തത്. കോയമ്ബത്തൂരിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പാസ്റ്ററാണ് ജോണ്‍ ജെബരാജ്. ഇൻസ്റ്റഗ്രാമില്‍ മാത്രം ഇയാള്‍ക്ക് ഒരുലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. സ്വന്തം യൂട്യൂബ് ചാനലുമുണ്ട്.

അതേസമയം, അകന്നുകഴിയുന്ന ഭാര്യയാണ് പോക്സോ പരാതിക്ക് പിന്നിലെന്നാണ് ജോണ്‍ ജെബരാജിന്റെ ആരോപണം. കേസില്‍ മുൻകൂർജാമ്യം തേടി ഇയാള്‍ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. താനും ഭാര്യയുമായുള്ള വിവാഹമോചന നടപടികള്‍ നടന്നുവരികയാണെന്നും പിരിഞ്ഞുതാമസിക്കുന്ന ഭാര്യയാണ് പോക്സോ കേസിലെ പരാതിക്കാരുടെ പിന്നിലുള്ളതെന്നും പ്രതി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക