പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പെണ്‍കുട്ടിയുടെതന്നെ വെളിപ്പെടുത്തല്‍.സഹപാഠികള്‍ തന്നെ പീഡിപ്പിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാല്‍ സഹപാഠി പ്രണയം നിരസിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കിയതെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികള്‍ പീഡിപ്പിച്ചതായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈല്‍ഡ് ലൈൻ പ്രവർത്തകർ പോലീസില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പോലീസ് പെണ്‍കുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ പീഡന ആരോപണം സഹപാഠികള്‍ നിരസിച്ചിരുന്നു.
ഇതിനിടെ ഇന്നലെ വൈകിട്ടോടെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഈ സമയത്ത് ഡോക്ടറോടാണ് താൻ പീഡനത്തിനിരയായില്ലെന്ന് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. സഹപാഠിയോട് തനിക്കു തോന്നിയ പ്രണയത്തിന്റെ കാര്യവും പെണ്‍കുട്ടി തുറന്നുപറഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടില്ലെന്നും കണ്ടെത്തി.
പിന്നാലെ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഡോക്ടർമാരോട് പറഞ്ഞകാര്യം പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോടും ആവർത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോള്‍ സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റഫർ റിപ്പോർട്ട് നല്‍കും. അതേസമയം ചൈല്‍ഡ് ലൈൻ നല്‍കിയ പരാതി പോലീസ് ഗൗരവത്തിലെടുത്തായിരുന്നു അന്വേഷിച്ചത്. സ്‌കൂളിലെ ശുചിമുറിയിലും സഹപാഠിയായ പെണ്‍കുട്ടിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകളായിരുന്നു പലീസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. പെണ്‍കുട്ടിയുടെ സഹപാഠിയായ പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേർക്കെതിരെ കേസുമെടുത്തിയിരുന്നു.

















