ഒരുകാലത്ത് മധ്യതിരുവിതാംകൂറിലെ യുഡിഎഫ് കോട്ട എന്ന് വിശേഷിപ്പിച്ച ജില്ലയാണ് പത്തനംതിട്ട ജില്ല. എന്നാൽ ഇന്ന് ഒരൊറ്റ എംഎൽഎ പോലും കോൺഗ്രസിന് ജില്ലയിൽ നിന്നും ഇല്ല. അടൂർ, കോന്നി, ആറൻമ്മുള്ള, റാന്നി, തിരുവല്ല എന്നീ മണ്ഡലങ്ങൾ അടങ്ങുന്നതാണ് പത്തനംതിട്ട ജില്ല. അടൂരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കോന്നിയിൽ അടൂർ പ്രകാശും, ആറന്മുളയിൽ ശിവദാസൻ നായരും ആയിരുന്നു യുഡിഎഫിനെ പ്രതിനിധാനം ചെയ്തിരുന്ന പ്രധാന നേതാക്കൾ.

എന്നാൽ കോൺഗ്രസിനുള്ളിലെ ചക്കളത്തിൽ പോരാട്ടവും ഗ്രൂപ്പ് മാമാങ്കവും കാരണം ജില്ലാ പഞ്ചായത്ത് പോലും കോൺഗ്രസിന് നഷ്ടമായി. ആശ്വാസം എന്നവണ്ണം ഒരു എംപി ഉണ്ടെന്ന് മാത്രം. വരുന്ന നിയമസഭാ മത്സരത്തിലും ഗ്രൂപ്പ് പോരാട്ടങ്ങൾ തന്നെയായിരിക്കും കോൺഗ്രസിനെ നയിക്കുക എന്നുള്ളതിന് തെളിവുകൾ ഇപ്പോൾ തന്നെ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021ൽ അടൂർ മണ്ഡലത്തിൽ സിപിഐയിലെ ചിറ്റയം ഗോപകുമാറിനോട് അന്നത്തെ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ആയിരുന്ന എംജി കണ്ണൻ നിയമസഭയിലേക്ക് പരാജയം ഏറ്റുവാങ്ങിയത് കേവലം 2919 വോട്ടുകൾക്കാണ്. പഞ്ചായത്ത് മെമ്പർ,രണ്ടു തവണ ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ് എംജി കണ്ണൻ. ഒരു ബൂത്തിൽ പത്തു വോട്ട് മാറിയിരുന്നെങ്കിൽ കണ്ണൻ ഇന്ന് അടൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ ഉണ്ടാകുമായിരുന്നു. ചിറ്റയം ഗോപകുമാറിന് ഇനിയൊരു അവസരം ലഭിക്കില്ല എന്നുള്ളത് ഏറെക്കുറെ തീർച്ചയാണ് താനും. അതിനാൽ കണ്ണൻ തന്നെയാകും സ്ഥാനാർഥി എന്ന് ഉറപ്പായിരുന്നു.

എന്നാൽ 2011 മുതൽ ഈ സീറ്റിലേക്ക് കണ്ണുംനട്ട് ഒരാൾ ഉണ്ട്. അടൂർ നഗരസഭയുടെ ആദ്യത്തെ ചെയർമാനും യൂത്ത് കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡന്റുമായ ബാബു ദിവാകാരനാണത്. 2011ലും ബാബുദിവകരന്റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നതാണ്. എന്നാൽ പഴയകാല ആന്റണി ഗ്രൂപ്പുകാരനാണ് എന്നതിന്റെ പേരിലാണ് അന്ന് സീറ്റ് നിഷേധിക്കപ്പെട്ടത്. തുടർന്ന് പന്തളം സുധാകരൻ സ്ഥാനാർത്ഥിയാവുകയും യുഡിഎഫിന് 1996 മുതൽ കയ്യിൽ ഉണ്ടായിരുന്ന സീറ്റ് നഷ്ടമാവുകയും ചെയ്തു.

2016 ൽ ജെഎസ്എസിൽ നിന്ന് മാറി വന്ന കെ കെ ഷാജുവിനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് പരീക്ഷണം നടത്തിയെങ്കിലും അതും പാളിപ്പോയി. 2021 ൽ ബാബു ദിവാകരന് തന്നെയാണ് സീറ്റ് എന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് ഉറപ്പിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി ക്യാമ്പയിനും ശക്തമാക്കിയിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം അടൂരിന് വേണ്ടി അവകാശവാദം ഉന്നയിച്ചതും അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഗ്രൂപ്പുകാരൻ ആയിരുന്നു കണ്ണൻ എന്നതും കണ്ണന് സാഹചര്യങ്ങൾ അനുകൂലമാക്കി.

2026ൽ ബാബു ദിവാകരൻ രണ്ടും കൽപ്പിച്ച് ആണെന്നുള്ളത് തീർച്ചയാണ്. പാർട്ടിക്കുവേണ്ടി നടന്ന് കടംകയറിയ ബാബു ദിവാകരന്റെ ഭാര്യ കിടപ്പ് രോഗിയാണ്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ നിലവിലെ എം എൽ എ ചിറ്റയം ഗോപകുമാറിനെതിരെ പലതവണ ആഞ്ഞടിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവർത്തനങ്ങളുടെ ഗുണഭോക്താവായി കണ്ണൻ മാറുന്നത് കണ്ടിരിക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ചെറുപ്പകാലം മുതൽ വിവിധ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചും നാടകങ്ങൾക്ക് തിരക്കഥകൾ എഴുതിയും കവിത എഴുതിയും വളർന്നുവന്ന ബാബൂദിവാകരൻ ഇപ്പോൾ കെപിസിസി നയിക്കുന്ന സാംസ്കാരിക സഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായാണ്. കെപിസിസിയുടെ സാംസ്കാരിക സഹിതി സംസ്ഥാന ചെയർമാൻ സി ആർ മഹേഷിന്റെ പിന്തുണയോടെ കൂടിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു ദിവാകരൻ കടന്നുവന്നത്.

ഒരു പ്രധാന പോസ്റ്റ് ലഭിക്കാതെ ഇനിയൊരു രാഷ്ട്രീയ അംഗത്തിനുള്ള ബാല്യം തനിക്ക് ഇല്ലെന്ന് മനസ്സിലാക്കിക്കൊണ്ടാണെന്ന് കരുതാം ബാബു ദിവാകരന്റെ ഈ നീക്കം. എന്നാൽ അടൂരിലും പത്തനംതിട്ടയിലും ഉള്ള പ്രധാന കോൺഗ്രസ് അണികൾ എല്ലാം ഇപ്പോൾ കരുതുന്നത് കെപിസിസിയുടെ ജനറൽ സെക്രട്ടറിയായി ബാബുദിവാകരനെ തിരഞ്ഞെടുത്തു എന്നാണ്. തന്ത്രപൂർവം അത് പുറംലോകത്തേക്ക് എത്തിക്കാൻ ബാബൂകരന്റെ ഉപജാപക സംഘവും പ്രവർത്തിക്കുന്നുണ്ട്. പഴകുളം മധുവിനെ കൂടാതെ കെപിസിസിക്ക് മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറി കൂടി അടൂരിൽ നിന്നുണ്ടായതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന സാധാരണ അണികളെയും നമുക്ക് കാണാം. എന്തായാലും ശരി കെപിസിസി സാംസ്കാരിക സഹദി ജനറൽ സെക്രട്ടറി എന്ന പേരിൽ നിയമസഭയിലേക്കുള്ള ടിക്കറ്റിനായി മുണ്ടും തൈപ്പിച്ച് ആരെയും തലയും മുറുക്കി ഇരിക്കുകയാണ് ബാബു ദിവാകരൻ ഇപ്പോൾ. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയ്ക്ക് നഷ്ടമായ അടൂർ ഒരിക്കൽ കൂടി ഗ്രൂപ്പ് രാഷ്ട്രീയത്തിന് കാരണമാകുമ്പോൾ ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധത്തിലേക്ക് അടൂരിലെ കോൺഗ്രസ് രാഷ്ട്രീയവും പോകുമെന്ന് തീർച്ച.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക