കളമശ്ശേരി ഗവ. പോളിടെക്നിക് കോളജില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തായി പ്രത്യേക പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത് പ്രിൻസിപ്പല്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍.14-ാം തീയതി കാമ്ബസില്‍ ഹോളി ആഘോഷിക്കുന്നതിനിടെ വലിയ തോതില്‍ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പല്‍ കത്ത് നല്‍കിയത്.

12-ാം തീയതി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് പ്രിൻസിപ്പല്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി പോളിടെക്നിക് കോളജിന്‍റെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രിൻസിപ്പലിന്‍റെ കത്തിന്‍റെ പൂർണരൂപം

”ഈ സ്ഥാപനത്തില്‍ വിദ്യാർഥികള്‍ 14-ാം തീയതി ഉച്ച മുതല്‍ ഹോളി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാർഥങ്ങളുടെ അനിയന്ത്രിത ഉപയോഗം അന്നേദിവസം ഉണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരം കിട്ടിയിട്ടുണ്ട്. വിദ്യാർഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിവ് നടത്തിയതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാമ്ബസിനുള്ളില്‍ ഈ അവസരത്തില്‍ പൊലീസിന്‍റെ സാന്നിധ്യം ഉണ്ടാകണം. നിരീക്ഷണം കൂടുതല്‍ ശക്തമാക്കണം. കാമ്ബസിനകത്തും പുറത്തും ലഹരി ഉപയോഗത്തിനെതിരെ ശക്തമായി നടപടി ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

”അതേസമയം, പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർഥികളെ ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയിരുന്നു. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂർ നീണ്ട മിന്നല്‍ പരിശോധനയില്‍ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലില്‍ വൻതോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോളജിന്‍റെ പെരിയാർ ഹോസ്റ്റലില്‍ പരിശോധന.

കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കല്‍ വീട്ടില്‍ ആദിത്യൻ (20), കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറല്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയില്‍ വീട്ടില്‍ ആർ. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.

50ഓളം പേരടങ്ങുന്ന പൊലീസ് സംഘം സംയുക്തമായി പ്രിൻസിപ്പലിന്‍റെ അനുമതിയോടെ വ്യാഴാഴ്ച രാത്രി ഒമ്ബതിന് ആരംഭിച്ച പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്. ആകാശ് താമസിക്കുന്ന എഫ് 39 മുറിയില്‍ നിന്ന് 1.909 കിലോ കഞ്ചാവും ആദിത്യനും അഭിരാജും താമസിക്കുന്ന ജി 11 മുറിയില്‍നിന്ന് 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് അലമാരയില്‍ നിന്നാണ് കണ്ടെടുത്തത്. ഇതോടൊപ്പം കഞ്ചാവ് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ത്രാസും മദ്യം അളക്കുന്നതിനുള്ള ഗ്ലാസും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഇവിടെനിന്ന് മുമ്ബും ചെറിയ തോതില്‍ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആദിത്യനും അഭിരാജിനും സ്റ്റേഷൻ ജാമ്യം നല്‍കി. അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക