പുതുവത്സരദിനത്തില്‍ തലസ്ഥാനത്ത് മയക്കുമരുന്നുവേട്ട. കണിയാപുരത്തെ ലഹരിവേട്ടയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഉള്‍പ്പെടെ ഏഴുപേരെയാണ് പൊലീസ് പിടികൂടിയത്.കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) കൊട്ടാരക്കര സ്വദേശിനിയും ബിഡിഎസ് വിദ്യാർത്ഥിനിയുമായ ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്. അവിനാഷ് ഐടി ജീവനക്കാരനാണ്.

കണിയാപുരം തോപ്പില്‍ ഭാഗത്തെ വാടകവീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. അസിം, അജിത്ത്, അൻസിയ എന്നിവർ നേരത്തേയും നിരവധി ലഹരിക്കേസുകളില്‍ പ്രതികളായവരാണ്. ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ചത് ഇവർ മൂവരുമാണ്. പ്രൊഫഷണല്‍ വിദ്യാർത്ഥികള്‍ക്കും ഡോക്ടർമാർക്കുമാണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പ്രതികളുടെ രണ്ട് കാറുകള്‍, രണ്ട് ബൈക്കുകള്‍, പത്ത് മൊബൈല്‍ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി കാറില്‍ പോവുകയായിരുന്ന അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ചശേഷം ഇവർ കടന്നുകളഞ്ഞു. തുടർന്നുനടത്തിയ അന്വേഷണത്തില്‍ ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരം ലഭിച്ചു. ഇതേത്തുടർന്ന് പൊലീസ് വീടുവളയുകയായിരുന്നു. കൂടുതല്‍പ്പേർ സംഘത്തില്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക