10 വയസുള്ള മകനെ മറയാക്കി സ്കൂള്‍ വിദ്യാർഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനല്‍കിയയാള്‍ പിടിയില്‍. തിരുവല്ല ദീപ ജങ്ഷനില്‍ കോവൂർ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തില്‍ ആയിരുന്ന മുഹമ്മദ് ഷമീറിനെ ഇന്നലെ രാത്രി 10 മണിയോടെയാണ് ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയില്‍ വീട്ടില്‍ നിന്നു പിടികൂടിയത്.

ഇയാളില്‍ നിന്നു 3.78 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 വയസുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി കുട്ടിയുടെ ശരീരത്തില്‍ സെല്ലോ ടേപ്പ് ഉപയോഗിച്ച്‌ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച്‌ നല്‍കുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂള്‍, കോളജ്, മെഡിക്കല്‍ കോളജ് വിദ്യാർഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. വിദ്യാർഥികള്‍ അടക്കം ഉള്ളവരെ ഏജന്മാരാക്കി ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവൂ. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക