പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കാനുള്ള അംഗസംഖ്യ കേരള കോൺഗ്രസ് നേടിയത് വിദേശത്ത് ജോലി ചെയ്തിരുന്ന സിപിഐ വനിതാ കൗൺസിലറെ നാട്ടിലെത്തിച്ചാണ്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നു എന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. കേവലം നാലുദിവസത്തേക്ക് നാട്ടിലെത്തിയ സിപിഐ കൗൺസിലർ തിരികെ യുകെയിലും എത്തി. എന്നിട്ടും പാലായിലെ വിവാദങ്ങൾ അവസാനിക്കാതെ കത്തി നിൽക്കുകയാണ്.

വിവാദ കൗൺസിലറായ ആർ സന്ധ്യ നാല് ദിവസം പാലായിൽ ഉണ്ടായിരുന്നുവെങ്കിലും സ്വന്തം വാർഡിലേക്ക് തിരിഞ്ഞു നോക്കുകയോ, ആറുമാസമായി മുടങ്ങിക്കിടക്കുന്ന വാർഡ് സഭ ചേരുവാൻ മുൻകൈയെടുക്കുകയോ ചെയ്തില്ല. വാർഡിലെ പല വോട്ടർമാരും കൗൺസിലർ വോട്ട് ചെയ്യാനായി വിദേശത്തുനിന്ന് പറന്നിറങ്ങി എന്ന വാർത്ത വായിച്ചപ്പോഴാണ് ഇവർ നാടുവിട്ടിരുന്നു എന്നുപോലും മനസ്സിലാക്കിയത്. പാലായിലെത്തിയ നാല് ദിവസവും ഇവർ കേരള കോൺഗ്രസിൻറെ വനിതാ കൗൺസിലറുടെ വീട്ടിലാണ് തങ്ങിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇങ്ങനെ ഒരു വോട്ട് ചെയ്യാൻ വേണ്ടി മാത്രം ലക്ഷങ്ങൾ മുടക്കി നാട്ടിലെത്തിയ കൗൺസിലർക്ക് എന്ത് മെച്ചം കിട്ടി എന്ന് ജനങ്ങൾ ചോദിച്ചതോടെ കൗൺസിലർ മാത്രമല്ല കൗൺസിലറെ നാട്ടിലെത്തിച്ച കേരള കോൺഗ്രസ് നേതാക്കളും സംശയമുനയിലായി. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേരള കോൺഗ്രസിന്റെ കണ്ണിലെ കരടായ പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കകണ്ടത്തെ അധിക്ഷേപിച്ചുകൊണ്ടും, മലയാളത്തിലെ കണ്ണീർ സീരിയലുകളെ തോൽപ്പിക്കുന്ന രീതിയിൽ സ്വന്തം കദനകഥ വിവരിച്ചു കൊണ്ടും ആർ സന്ധ്യയുടെ ഫോണിൽ നിന്ന് നിന്ന് തന്റെ വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഇന്നൊരു സന്ദേശം എത്തി. സന്ധ്യയുടെ വരവിന് പിന്നിലുള്ള രഹസ്യാത്മക ഡീലുകളെ കുറിച്ച് സംശയം പ്രകടിപ്പിച്ച വാർത്ത എഴുതിയ മാധ്യമങ്ങളെയും ഈ സന്ദേശത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സന്ധ്യയുടെ ഫോണിൽ നിന്നാണ് സന്ദേശം പോസ്റ്റ് ചെയ്തതെങ്കിലും രചനയും സംവിധാനവും കേരള കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങൾ ആണെന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. ഈ സന്ദേശങ്ങളും കദനകഥയും ന്യായീകരണങ്ങളും പുറത്തുവരുമ്പോഴും ചില ചോദ്യങ്ങൾ വീണ്ടും പ്രസക്തമായി നിൽക്കുകയാണ്.

  • ഇത്രയും പ്രാരാബ്ധങ്ങൾ ഉള്ള ഒരു വ്യക്തി നഗരസഭയിലെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുവാനായി മാത്രം യുകെയിൽ നിന്ന് പൊന്നും വിലയ്ക്ക് ടിക്കറ്റ് എടുത്ത് നാട്ടിലെത്തുകയും നാലാം ദിവസം മടങ്ങി പോവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ചെലവ് വഹിച്ചതാര്?
  • ഇനി സ്വന്തം കൈ കാശു മുടക്കിയാണ് വന്നതെങ്കിൽ പാർട്ടിയോടും ഭരണ മുന്നണിയോടുമുള്ള പ്രതിബദ്ധത വോട്ട് ചെയ്ത് വിജയിപ്പിച്ച നാട്ടുകാരോട് ഇവർ കാണിക്കാത്തത് എന്തുകൊണ്ട്?
  • ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലുള്ള കൗൺസിലറുടെ ഇരട്ടത്താപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനലെ തെറ്റ് എന്ത്?
  • ഇത്രമാത്രം ബുദ്ധിമുട്ടുള്ള ഒരാൾ മാതൃകാപരമായി രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കി പുതിയ ഒരു കൗൺസിലറെ ജനങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യം എന്തുകൊണ്ട് ഇല്ലാതാക്കി?
  • രോഗശയ്യയിൽ ആശുപത്രിയിൽ കിടക്കയിൽ ആയിരുന്ന സ്വന്തം മുന്നണിയുടെ മുതിർന്ന നേതാവിനെ തന്റെ വോട്ടിന്റെ ബലത്തിൽ ചവിട്ടി പുറത്താക്കിയപ്പോൾ കൗൺസിലർ പറയുന്ന മനുഷ്യത്വവും മനസ്സാക്ഷിയും എവിടെപ്പോയിരുന്നു?

ഇവിടെ സിപിഐ അണികൾക്കും നേതാക്കൾക്കും സന്ധ്യയുടെ പ്രവർത്തിയിലും സന്ധ്യയെ മുന്നിൽ നിർത്തി കളിക്കുന്ന കേരള കോൺഗ്രസിന്റെ ശൈലിയിലും കടുത്ത അതൃപ്ത്തിയുണ്ട്. തങ്ങളുടെ ജനപ്രതിനിധിയെ കേരള കോൺഗ്രസിന്റെ കളിപ്പാവയായി മാറുമ്പോൾ വിപ്ലവ പാർട്ടിയുടെ വിശ്വാസ്യതക്ക് തന്നെ അത് മങ്ങലേൽപ്പിക്കുന്നു. സന്ധ്യയുടെ പ്രവർത്തനങ്ങൾ മൂലം സിപിഐക്ക് ആകെയുള്ള ഒരു വാർഡ് കൂടി കൈവിട്ടു പോകും എന്ന ആശങ്കയും പാർട്ടി കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക