ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സ്വന്തം പാർട്ടിക്കാർ തന്നെയാണ് കരുക്കൾ നീക്കിയതും വോട്ട് ചെയ്തതും. നിലവിലെ അംഗസംഖ്യ വെച്ച് തുരത്താനെ തുരത്താൻ ആവില്ല എന്ന് ബോധ്യപ്പെട്ട ഭരണപക്ഷം കൗൺസിലർ പദവിയിൽ നിന്ന് ലോങ്ങ് ലീവെടുത്ത് യുകെയിലേക്ക് പോയ സിപിഐ അംഗവും പതിമൂന്നാം വാർഡ് കൗൺസിലറുമായ ആർ സന്ധ്യയെ അതീവ രഹസ്യമായി നാട്ടിലെത്തിക്കുകയും വോട്ട് ചെയ്യിച്ച് തങ്ങളുടെ നീക്കം വിജയിപ്പിക്കുകയും ആണ് ചെയ്തു. സന്ധ്യയ്ക്ക് നാട്ടിലെത്താനുള്ള ചെലവു കാശും മറ്റു ചില ഉദ്ദിഷ്ടകാര്യ ഉപകാരസ്മരണകളും നിയുക്ത ചെയർമാൻ തോമസ് പീറ്ററിന്റെ കീശയിൽ നിന്ന് ചെലവായി എന്ന് രാഷ്ട്രീയ പ്രതിയോഗികൾ ആരോപണം ഉയർത്തുന്നുണ്ട്.
വിദേശ മലയാളിയായ മാറിയ വിപ്ലവ പാർട്ടിയിലെ കൗൺസിലർക്ക് നാട്ടുകാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തതിനാൽ നാട്ടിൽ ചെലവഴിച്ച 4 ദിവസത്തിനിടയിൽ വാർഡ് സഭ പോലും കൂടാൻ മുൻകൈ എടുത്തില്ല എന്ന ആക്ഷേപവും ജനങ്ങൾക്കിടയിൽ സജീവമാണ്. ഇന്നലെ (18/02/2025) വൈകിട്ടാണ് സന്ധ്യ തിരിച്ച് യുകെയ്ക്ക് പറന്നത്. പുതിയ ചെയർമാനെ വിജയിപ്പിക്കുവാനുള്ള ഭൂരിപക്ഷം സന്ധ്യയുടെ അഭാവത്തിൽ പോലും ഭരണപക്ഷത്തിന് ഉള്ളതിനാൽ രാഷ്ട്രീയ നീക്കങ്ങളുടെ നാടകീയതയെല്ലാം അവസാനിച്ചു എന്നാണ് അവരും ധരിച്ചു വെച്ചിരുന്നത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ‘ചട്ടനെ പൊട്ടൻ ചതിച്ചാൽ…’ എന്ന പഴഞ്ചൊല്ല് പോലെയാണ് കാര്യങ്ങളുടെ പോക്ക് എന്ന് തോന്നും. ഇന്ന് പുലർച്ചെ യുകെയിലെത്തിയ പാലാ നഗരസഭ കൗൺസിലർക്ക് ഇതുവരെ എയർപോർട്ടിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല എന്നാണ് യുകെയിൽ നിന്നുള്ള വിശ്വസനീയ കേന്ദ്രങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിസയുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങളുടെ പേരിൽ അധികൃതർ ഇവരെ ചോദ്യം ചെയ്യുകയും എയർപോർട്ടിൽ തടഞ്ഞു വെക്കുകയും ചെയ്തു എന്നാണ് സൂചന.
പുതിയ ഭരണകൂടം അധികാരത്തിൽ ഏറ്റതിന് പിന്നാലെ വിദേശ തൊഴിലാളികളോടുള്ള നയ സമീപനങ്ങൾ അത്ര അനുഭാവപൂർണ്ണമല്ല. അമേരിക്കയിൽ നടക്കുന്നതിന് സമാനമായി നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ ഇവിടെയും സജീവമാണ്. ചില സന്ദർഭങ്ങളിൽ ഇത്തരത്തിൽ തടഞ്ഞു വെക്കുന്നവരെ ഡിറ്റൻഷൻ സെൻററുകളിലേക്ക് മാറ്റുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിപോർട്ട് ചെയ്യുകയും ചെയ്യാറുണ്ട്.
ഇത്തരം ദുരനുഭവങ്ങൾ ഒന്നും സന്ധ്യയ്ക്ക് ഉണ്ടാവരുത് എന്ന പ്രാർത്ഥനയിലാണ് ഭരണപക്ഷമായ കേരള കോൺഗ്രസുകാർ എന്നാണ് അറിയാൻ കഴിയുന്നത്.സന്ധ്യ എയർപോർട്ടിൽ തടഞ്ഞു വെക്കപ്പെട്ടത് അറിഞ്ഞ് നാട്ടിലെ കേരള കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടുവാൻ ശ്രമിച്ച യു.കെയിലെ മലയാളി പത്രപ്രവർത്തകന് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇത്തരം കേന്ദ്രങ്ങൾ നൽകിയതെന്നും, സന്ധ്യയുമായി ബന്ധപ്പെട്ട ഒരു ചർച്ചകളിലും പങ്കാളികളാകരുതെന്നും മുഴുവൻ കേരള കോൺഗ്രസ് കൗൺസിലർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നുണ്ട്.
ഏതെങ്കിലും കാരണവശാൽ ആർ സന്ധ്യ ഡിപോർട്ട് ചെയ്ത് തിരികെ എത്തിയാൽ അതിൻറെ പാപഭാരം കാലാകാലങ്ങളിൽ കേരള കോൺഗ്രസുകാർ ചുമക്കേണ്ടി വരും. ഇപ്പോഴത്തെ നിലയിൽ സന്ധ്യ പ്രതിനിധാനം ചെയ്യുന്ന വാർഡിൽ നിന്ന് ഇനിയൊരു വിജയം ഇടതുമുന്നണിക്ക് എളുപ്പമാവില്ല. സന്ധ്യയ്ക്ക് ഈ വരവിന്റെ പേരിൽ ജോലി കൂടി നഷ്ടമായാൽ അത് വീണ്ടും ചർച്ചകൾക്കിടയാക്കുകയും ഭരണമുന്നണി അപഹാസ്യരാവുകയും ചെയ്യും എന്ന ആശങ്കയാണ് ഭരണകക്ഷി ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്.

















