നാളെ നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ കേരള കോൺഗ്രസ് എം നേതാവ് ഷാജു തുരുത്തനെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായ തുരുത്തന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഇസിജി വേരിയേഷൻ കാണുകയും ഡോക്ടർമാർ വിദഗ്ധ പരിശോധനകൾക്കായി നിർദ്ദേശം നൽകിയതായും സൂചനകളുണ്ട്.

നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ള വ്യക്തിയാണ് ചെയർമാൻ ഷാജു തുരുത്തൽ. ഏതാനും ദിവസങ്ങളായി കേരള കോൺഗ്രസ് എം പ്രാദേശിക നേതൃത്വത്തിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദമാണ് അദ്ദേഹം നേരിട്ടിരുന്നത്. കേരള കോൺഗ്രസ് എം പാർട്ടിയുടെ 9 കൗൺസിലർമാർ ഒന്ന് ചേർന്ന് ചെയർമാന്റെ ക്യാബിനിൽ എത്തി രാജിക്കുവേണ്ടി സമ്മർദ്ദം ചെലുത്തുന്ന നിലപാടുകൾ ദിവസങ്ങളായി ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു യുവ കൗൺസിലർ ചെയർമാനെ ഭീഷണിപ്പെടുത്തിയതായും ആരോപണമുയർന്നിരുന്നു. ഇതിനുപുറമെ കേരള കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം/ നിയോജക മണ്ഡലം നേതൃത്വത്തിൽ നിന്ന് ചെയർമാന് കടുത്ത മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടി വന്നിരുന്നതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിൽ ആവർത്തിക്കുമോ വയലാ ദുരന്തം? കേരള കോൺഗ്രസ് നേതാവ് ജോയി കല്ലുപുരയ്ക്ക് ജീവൻ നഷ്ടമായത് സ്വന്തം പാർട്ടി നേതൃത്വത്തിന്റെ സമ്മർദ്ദം താങ്ങാൻ ആവാതെ ഹൃദയസ്തംഭനം സംഭവിച്ച്…

കേരള കോൺഗ്രസിന്റെ കടപ്ലാമറ്റത്തെ സമുന്നതനായ നേതാവ് ജോയി കല്ലുപുര ഗ്രാമപഞ്ചായത്ത് അധ്യക്ഷനായിക്കെ അധ്യക്ഷ പദവിയിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് മേൽ പ്രാദേശിക നേതൃത്വം വലിയ സമ്മർദ്ദം ചെലുത്തി. തുടർന്ന് പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് ഇദ്ദേഹത്തെ വിളിച്ചുവരുത്തിയ ശേഷം ഇദ്ദേഹത്തെ കായികമായി ആക്രമിച്ച സാഹചര്യമുണ്ടായി. സംഘർഷത്തിനൊടുവിൽ പാർട്ടി ഓഫീസിൽ കുഴഞ്ഞുവീണ ജോയി കല്ലുപ്പുരയെ ആശുപത്രിയിൽ എത്തിക്കുവാൻ പോലും ആദ്യഘട്ടത്തിൽ സഹപ്രവർത്തകർ തയ്യാറായില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹത്തിൻറെ ആരോഗ്യനില വഷളാകുകയും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിൽ വച്ച് മരണമടയുകയുമാണ് ചെയ്തത്. കല്ലുപുരയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രത്തിൽ തന്നെ കേരള കോൺഗ്രസിന് പരാജയം നേരിടേണ്ടി വന്നതും കല്ലുപുരയോട് പാർട്ടി നേതാക്കൾ കാട്ടിയ ക്രൂരത ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്.

സമാനമായ രീതിയിലാണ് ഏതാനും ദിവസങ്ങളായി ഷാജു തുരുത്തന് നേരെ കേരള കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദം ഉണ്ടാകുന്നത്. അവിശ്വാസ പ്രമേയത്തെ അതിജീവിച്ച ശേഷം രാജിവെക്കാമെന്ന് പ്രാദേശിക നേതാക്കളോട് തുരുത്തൻ വ്യക്തമാക്കിയെങ്കിലും അവിശ്വാസത്തിനു മുന്നേ രാജി ഉണ്ടായില്ലെങ്കിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചുകൊണ്ട് ഭരണപക്ഷം തുരുത്തനെ പുറത്താക്കുമെന്ന നിലപാടാണ് കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിക്കുന്നത്. അരനൂറ്റാണ്ട് കാലമായി പാർട്ടിക്കുവേണ്ടി നിസ്വാർത്ഥ സേവനം നടത്തിയ വ്യക്തിയെ സ്വന്തം പാർട്ടി തന്നെ നിഷ്ഠൂരമായി തള്ളുന്ന കാഴ്ച കടപ്ലാമറ്റത്തിന് പിന്നാലെ പാലായിലും ആവർത്തിക്കുകയാണ്. കടപ്ലാമറ്റത്ത് സംഭവിച്ചത് പോലെ ജീവഹാനി ഇവിടെ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക