പാലാ നഗരസഭയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനം ഇല്ലാതെ തുടരുകയാണ്. സ്വന്തം പാർട്ടി നോമിനിയായ ചെയർമാൻ ഷാജു തുരുത്തനെ പുറത്താക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് പാർട്ടിയുടെ മറ്റ് 9 കൗൺസിലർമാരും. പാർലമെന്ററി പാർട്ടി കൂടി ഈ തീരുമാനം അവർ രേഖാമൂലം ചെയർമാനെ നേരിട്ട് എത്തി അറിയിക്കുകയും ചെയ്തു.
ചെയർമാനു മുന്നിൽ പാർട്ടിയുടെ സാമ്പത്തിക, രാഷ്ട്രീയ പാക്കേജ്?
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മുൻപ് തന്നെ ഷാജു തുരുത്തൻ ചെയർമാൻ പദവി രാജിവെക്കണം എന്നാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവൻ തന്നെ ഇത് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. തുരുത്തന് മുന്നിൽ രഹസ്യമായി പാർട്ടി പ്രാദേശിക നേതൃത്വം സാമ്പത്തിക രാഷ്ട്രീയ പാക്കേജും വെച്ചിട്ടുണ്ടെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഈ വാഗ്ദാനങ്ങളിൽ വീണാൽ അവിശ്വാസപ്രമേയത്തിന് മുൻപോ ശേഷമോ ഷാജു തുരുത്തന്റെ രാജി ഉണ്ടാകും.
അവിശ്വാസത്തിലൂടെ പുറത്താക്കണമെന്ന വാശിയിൽ മുതിർന്ന വനിതാ കൗൺസിലർമാർ
സമവായ നീക്കങ്ങൾ തുടരേണ്ടന്നും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചിട്ടാണെങ്കിലും ഷാജു തുരുത്തനെ അവിശ്വാസത്തിലൂടെ പുറത്താക്കണമെന്നും ആണ് ഒരു വിഭാഗം വനിതാ കൗൺസിലർമാരുടെ ആവശ്യം. അടുത്ത ടേമിൽ പുതിയ ഭരണ സമിതി വരുമ്പോൾ ചെയർപേഴ്സൺ സ്ഥാനം സ്വപ്നം കാണുന്ന രണ്ട് പ്രമുഖ വനിതാ കൗൺസിലർമാർക്കാണ് ഇക്കാര്യത്തിൽ നിർബന്ധ ബുദ്ധി എന്നും അറിയുന്നു. ഷാജു തുരുത്തൻ പാർട്ടിക്ക് പുറത്തായാൽ അദ്ദേഹത്തിൻറെ ഭാര്യ ബെറ്റി ഷാജുവും സ്വാഭാവികമായി പാർട്ടിക്ക് പുറത്തുപോകും. മുതിർന്ന നേതാവും മുൻ ചെയർപേഴ്സനുമായ ബെറ്റി പുറത്തായാൽ അധ്യക്ഷ പദവി തങ്ങൾ രണ്ടു പേർക്കും ഇടയിൽ മാത്രം വീതം വെച്ചാൽ മതിയല്ലോ എന്ന മനോഭാവമാണ് ഇവർക്ക്.
തുരുത്തനോളം ജനകീയതയില്ലാത്ത, പാർട്ടി പാരമ്പര്യം ഇല്ലാത്ത തോമസ് പീറ്ററെ പിന്തുണയ്ക്കുന്ന മണ്ഡലം കമ്മിറ്റിയുടെ നിലപാട് ദുരൂഹം
ഷാജു തുരുത്തൽ രണ്ടു പതിറ്റാണ്ടിലധികമായി കൗൺസിലർ പദവി അലങ്കരിച്ചിട്ടുള്ള ആളാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വന്ന് പാർട്ടിക്ക് വേണ്ടി കൊണ്ടും കൊടുത്തും ഉയർന്നുവന്ന നേതാവ്. വളരെ മുൻപേ തന്നെ നഗരസഭ അധ്യക്ഷ പദവി അർഹതപ്പെട്ട വ്യക്തിയായിരുന്നു തുരുത്തനെന്നും ഇപ്പോൾ അദ്ദേഹത്തിനെ മാറ്റി ‘വരത്തനായ’, ജനകീയതയോ പാർട്ടി പാരമ്പര്യമോ ഇല്ലാത്ത തോമസ് പീറ്റർക്ക് സ്ഥാനം കൊടുക്കുന്നത് അനീതിയാണെന്നുമുള്ള വികാരമാണ് കേരള കോൺഗ്രസ് അണികളിൽ ഭൂരിപക്ഷത്തിനും ഉള്ളത്. എന്നിട്ടും മണ്ഡലം പ്രസിഡണ്ട് തോമസ് പീറ്റർക്ക് വേണ്ടി വാശിപിടിക്കുന്നതിൽ എന്തോ ചില ദുരുദ്ദേശങ്ങൾ ഉണ്ടെന്നും ചില കേരള കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
നേട്ടം പ്രതിപക്ഷത്തിന്:
അവിശ്വാസപ്രമേയം വിജയിപ്പിക്കാനുള്ള അംഗസംഖ്യ ഇല്ലാതിരുന്നിട്ടും കൃത്യമായ ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്തത്. ഭരണപക്ഷത്തെ അനൈക്യവും, തമ്മിൽ തല്ലും പുറത്തുകൊണ്ടുവരുവാനും ധനാഢ്യനായ തോമസ് പീറ്ററിന് വേണ്ടി പാർട്ടിയുടെ അടിയുറച്ച പ്രവർത്തകനായ ഷാജു തുരുത്തനെ നേതൃത്വം തള്ളിക്കളയുന്നത് വലിയ ചർച്ചയാക്കുവാനും പ്രതിപക്ഷത്തിന്റെ നീക്കം ഉപകരിച്ചു. അഞ്ചുവർഷ ഭരണസമിതിക്ക് 4 ചെയർമാൻമാരെ നിയമിക്കുവാനുള്ള ഭരണപക്ഷത്തിന്റെ നീക്കവും ഇതും മൂലം ഉണ്ടാകുന്ന ഭരണസ്തംഭനവും ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടുവാനും പ്രതിപക്ഷം ഈ അവസരത്തെ വിനിയോഗിച്ചു.

















