യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 12 വർഷം തടവ് ശിക്ഷ. മാന്നാർ കുട്ടംപേരൂർ കരിയില്‍ കളത്തില്‍ ആതിര ഭവനം വീട്ടില്‍ രവിയുടെയും, വസന്തയുടെയും ഏക മകള്‍ ആതിര (22 ) ജീവനൊടുക്കിയ സംഭവത്തിലാണ് കുട്ടംപേരൂർ, കരിയില്‍ കളത്തില്‍, സുകുമാരൻ മകൻ കരിയില്‍ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കുമാറിനെ(42) ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.12 വർഷം തടവുശിക്ഷയ്ക്ക് പുറമേ 1,20,000 രൂപ പിഴയൊടുക്കണമെന്നും അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ.വി യുടെ വിധിന്യായത്തില്‍ പറയുന്നു.

2018 ഫെബ്രുവരി 13ന് രാത്രി 10.30 ന് ശേഷമാണ് ആതിര കിടപ്പു മുറിയില്‍ മേല്‍ക്കൂരയിലെ പൈപ്പില്‍ സാരി കെട്ടി അതില്‍ തുങ്ങി ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണയ്ക്ക് രവിയുടെ അയല്‍വാസി സുരേഷ് കുമാറിനെതിരേ മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സംഭവം നടന്ന് ഏഴു വർഷം തികയുന്ന വേളയിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. മാന്നാർ പൊലീസ് സ്റ്റേഷനിലെ നിരവധി കേസിലെ പ്രതിയാണ് കരിയില്‍ സുരേഷ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018 ഫെബ്രുവരി 13 ന് മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രവിക്കും വസന്തയ്ക്കും താമസയോഗ്യമായ വീട് ഇല്ലാതിരുന്നതിനാല്‍ അയല്‍വാസിയും, ബന്ധവുമായ സുരേഷ് നേതൃത്വം കൊടുത്ത് പൊതുജനങ്ങളില്‍ നിന്നും മറ്റും പണം സമാഹരിച്ച്‌ രവിക്കും കുടുംബത്തിനും വീട് നിർമ്മിച്ച്‌ നല്‍കി. അതിലൂടെ രവിയുടെയും കുടുംബത്തിന്റെയും വിശ്വാസ്യത നേടുകയും സുരേഷിന്റെ മകള്‍ അതുല്യയുടെ കൂട്ടുകാരിയായ രവിയുടെ മകള്‍ ആതിരയുമായി പ്രതി അടുപ്പത്തിലാകുകയും ചെയ്തു.

രവിയും വസന്തയും അറിയാതെ ആതിരയെ സുരേഷിന്റെ കാറില്‍ കയറ്റി പലയിടങ്ങളിലും കൊണ്ടുപോയിരുന്നു. ഇതറിഞ്ഞ ആതിരയുടെ മാതാപിതാക്കള്‍ ആതിരയ്ക്ക് മറ്റ് വിവാഹ ആലോചനകള്‍ നടത്തി. ആതിര മറ്റാരെയെങ്കിലും വിവാഹം ചെയ്ത് പോകുന്നതിലുള്ള വിരോധത്തില്‍ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രത്തില്‍ പോകാൻ ആതിരയെ അനുവദിക്കാതെ മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് അവരുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി. സാരിയില്‍ കുരുക്കിട്ട് ചാടുവാനും മറ്റും ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്യിച്ചു എന്നാണ് കേസ്. രണ്ടു പേരും ഒരേ സമയത്ത് ആത്മഹത്യ ചെയ്യാം എന്നാണ് സുരേഷ് ആതിരയ്ക്കൊടുത്ത വാക്ക്.

2018 ഫെബ്രുവരി 13 ന് 33 തവണ സുരേഷ് ആതിരയോട് ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. സുരേഷ് ഫോണിലൂടെ പ്രേരണ ചെലുത്തിയാണ് ആതിരയെ ആത്മഹത്യ ചെയ്യിച്ചത് എങ്കിലും സുരേഷിന്റെ ഭാര്യയുടെ പേരിലുള്ള സിം ആണ് സുരേഷ് അന്നേ ദിവസം അതിനായി ഉപയോഗിച്ചത്. സുരേഷിന്റെ ഫാമിലെ ജീവനക്കാരൻ ആയിരുന്ന എണ്ണയ്ക്കാട് കാരൻ രമേഷിന്റെ പേരില്‍ സുരേഷ് എടുത്ത് ആതിരയ്ക്ക് നല്‍കിയ ഫോണില്‍ ആയിരുന്നു സുരേഷ് ആതിരയോട് സംസാരിച്ചിരുന്നത്. ആതിര ഉപയോഗിച്ച രമേശിന്റെ പേരിലുള്ള സിം അടങ്ങിയ മൊബൈല്‍ ഫോണ്‍ കളയാൻ സുരേഷ് ആവശ്യപ്പെട്ടിരുന്നതിനാല്‍ സാരിയില്‍ കുരുക്കിട്ട് ചാടുന്നതിന് മുമ്ബ് ആതിര ആ ഫോണ്‍ വലിച്ചെറിഞ്ഞ് കളഞ്ഞിരുന്നു.

കേസിലെ പ്രധാനപ്പെട്ട തെളിവായ ആ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നില്ല. ആ ഫോണ്‍ കളയിച്ചതിന് ശേഷം ആതിരയുടെ അമ്മ വസന്തയുടെ ഫോണ്‍ നിർബന്ധപൂർവ്വം ആതിരയെ കൊണ്ട് എടുപ്പിച്ച്‌ വസന്തയുടെ ഫോണിലാണ് അവസാനമായി ആതിരയും സുരേഷും സംസാരിച്ചത്. എന്നാല്‍ പൊലീസ് രവിയുടെ വീട്ടിലെത്തി വസന്തയുടെ ഫോണ്‍ കണ്ടെടുക്കുമ്ബോള്‍ ആ ഫോണില്‍ സിമ്മും, മെമ്മറി കാർഡും ഉണ്ടായിരുന്നില്ല. കേസിലെ യാതൊരു തെളിവുകളും അവശേഷിക്കാതിരിക്കാൻ പ്രതി വളരെ തന്ത്രപൂർവ്വം കരുക്കള്‍ നീക്കിയിരുന്നു.

വിവരങ്ങള്‍ മനസ്സിലാക്കാതെ ‘മാതാപിതാക്കള്‍ ശകാരിച്ചതില്‍ ഉള്ള മനോവിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തത്’ എന്ന് ആതിരയുടെ പിതാവ് രവി മാന്നാർ പോലീസില്‍ മൊഴി നല്‍കിയത് പ്രകാരം അസ്വാഭാവിക മരണത്തിനാണ് ആദ്യം മാന്നാർ പോലീസ് കേസ് എടുത്തിരുന്നത്. തുടർന്ന് 2018 ഫെബ്രുവരി 14 ന്പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രി മോർച്ചറിയില്‍ മാന്നാർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ വേളയില്‍ കൂടിയ ആളുകള്‍ എല്ലാവരും സുരേഷിന്റെ പ്രേരണയിലാണ് ആതിര ആത്മഹത്യ ചെയ്തതെന്ന് മൊഴി നല്‍കിയതിനെ തുടർന്ന് സുരേഷിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുരേഷിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സുരേഷിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്ത് പരിശോധിച്ചതില്‍ ആതിര മരണപ്പെട്ട ദിവസം ആതിരയും സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ സുരേഷിന്റെ ഫോണില്‍ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കി. സംഭാഷണങ്ങള്‍ കേട്ട് സുരേഷിന്റെ പ്രേരണയിലും ഭീഷണിയിലും ആണ് ആതിര ആത്മഹത്യ ചെയ്തതെന്ന് ബോധ്യപ്പെട്ട് സുരേഷിനെതിരെ കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

ആതിര ഉപയോഗിച്ച ഫോണും അവസാനം വിളിച്ച വസന്തയുടെ ഫോണിലെ സിമ്മും ലഭിക്കാതെ അസ്വാഭാവിക മരണമായി തീരേണ്ടിയിരുന്ന ആതിരയുടെ ആത്മഹത്യ അന്നത്തെ മാന്നാർ പൊലീസ് സ്റ്റേഷൻ എസ്. ഐ ആയിരുന്ന കെ. ശ്രീജിത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതി സുരേഷിന്റെ ഫോണ്‍ കണ്ടെടുത്തത് വഴിയാണ് കേസിന് വഴിത്തിരിവ് ഉണ്ടായത്. എന്നാല്‍ കേസിന്റെ അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്ബ് കെ. ശ്രീജിത്തിനെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് വന്ന സബ് ഇൻസ്പെക്ടർ കെ. എല്‍. മഹേഷ് സുരേഷിനെതിരെ അന്തിമ റിപ്പോർട്ട് കോടതിയില്‍ ഫയല്‍ ചെയ്തു . വിചാരണ വേളയില്‍ കെ. എല്‍. മഹേഷ് സമർപ്പിച്ച കുറ്റപത്രത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് അന്നത്തെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റെഞ്ചി ചെറിയാൻ തുടർ അന്വേഷണത്തിന്റെ അനുമതിക്കായി ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത് കോടതി അനുവദിച്ചു.

രണ്ട് സാക്ഷികളെ വിസ്തരിച്ചതിനെ തുടർന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റെഞ്ചി ചെറിയാനെ നീക്കം ചെയ്തു. തുടർന്ന്നിയമിതയായ അഡ്വക്കേറ്റ് ദിവ്യ ഉണ്ണികൃഷ്ണൻ തുടർ വിചാരണ ആരംഭിച്ചുവെങ്കിലും ആതിരയുടെ മാതാവും ഈ കേസിലെ രണ്ടാം സാക്ഷിയുമായ വസന്ത കേരള മുഖ്യമന്ത്രിക്കും, കളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും മറ്റും നല്‍കിയ അപേക്ഷയെത്തുടർന്ന് കേസിന്റെ തുടർ പ്രോസിക്യൂഷൻ ഭാഗം കൈകാര്യം ചെയ്യുന്നതിന് അഡ്വക്കേറ്റ് റെഞ്ചി ചെറിയാനെ തന്നെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു.

തിരുവനന്തപുരം സൈബർ ഫോറൻസിക് വിഭാഗം പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ശേഖരിച്ച “നീ മരിക്കണം, സാരി മുകളില്‍ കെട്ടാനും, കഴുത്തേല്‍ കുരുക്കിടാനും, കുരുക്കിട്ട് ചാടാനും” സുരേഷ് ആക്രോശിച്ച്‌ പറയുന്ന ഫോണ്‍ സംഭാഷണങ്ങള്‍ വിചാരണവേളയില്‍ കോടതിയില്‍ കേള്‍പ്പിച്ച്‌ ആതിരയുടെ ശബ്ദവും പ്രതിയുടെ ശബ്ദവും ആതിരയുടെ മാതാവ് വസന്തയെ കേള്‍പ്പിച്ച്‌ തിരിച്ചറിഞ്ഞിരുന്നു.

പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടതിനെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമം 306 വകുപ്പ് പ്രകാരം പ്രതിക്ക് 8വർഷം കഠിന തടവും 1,00,000/_ രൂപ പിഴയും, 506 വകുപ്പ് പ്രകാരം 4 വർഷം കഠിന തടവും 20,000/- രൂപ പിഴയും ഉള്‍പ്പെടെ 12 വർഷം ശിക്ഷിച്ചു.ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കി പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ശിക്ഷാവിധി കേള്‍ക്കുന്നതിന് ആതിരയുടെ മാതാപിതാക്കളായ വസന്തയും രവിയും കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റെഞ്ചി ചെറിയാൻ, അഡ്വക്കേറ്റ് സ്മിത. ആർ, അഡ്വക്കേറ്റ് നോയല്‍ ഡാനി ചാള്‍സ് എന്നിവർ ഹാജരായി.

സുരേഷ് കുമാർ മാന്നാർ പോലീസ് സ്റ്റേഷനിലെ 37 ഓളം കേസുകളില്‍ പ്രതിയാണ്. മാന്നാർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ചും സുരേഷിനെതിരെ മാന്നാർ പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ നാളിതുവരെ ഒരു കേസിലും സുരേഷ് ശിക്ഷിക്കപ്പെട്ടിട്ടില്ല. മാന്നാർ പൊലീസ് സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളുമാണ് സുരേഷ്. ഇപ്പോള്‍ കാപ്പ കേസില്‍ ഉള്‍പ്പെട്ട് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക