കഴിഞ്ഞ വെള്ളിയാഴ്ച (22/11/2024) പാലായിലെ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്ത പാലാ മുനിസിപ്പൽ ചെയർമാനും കേരളാ കോൺഗ്രസ് നേതാവുമായ ഷാജു തുരുത്തനെതിരെ എഫ്ഐആർ ഇട്ട് പോലീസ്. സ്ഥാപനം പരാതി നൽകുകയും തുരുത്തൻ നടത്തിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് പോലീസ് നടപടി. കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ സ്ഥാപിച്ച ബോറാണ് ചെയർമാൻ കത്തികൊണ്ട് കുത്തികീറിയത്.
ഭാരതീയ ന്യായസംഹിതയിലെ 296 b, 329 (3), 324 (4), 351 (3), 3(5) എന്നീ വകുപ്പുകൾ ആണ് മുനിസിപ്പൽ ചെയർമാന് എതിരെ ചുമത്തിയിരിക്കുന്നത്. അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ, ഭീഷണി, നാശനഷ്ടം വരുത്തൽ മുതലായ കുറ്റങ്ങളാണ് മേൽ വകുപ്പുകളുടെ പരിധിയിൽ ഉൾപ്പെടുന്നത്. മുനിസിപ്പൽ ചെയർമാനെ കൂടാതെ ഇയാളുടെ ഡ്രൈവറും കേസിൽ പ്രതിയാണ്. ഔദ്യോഗിക വാഹനത്തിൽ എത്തിയാണ് ചെയർമാൻ അതിക്രമം അഴിച്ചുവിട്ടത്.
കഴിഞ്ഞവർഷം മുനിസിപ്പൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ അന്ന് കൗൺസിലർ ആയിരുന്ന ഷാജു തുരുത്തൻ പ്രതിയായിരുന്നു. നിലവിൽ മുൻകൂർ ജാമ്യത്തിന്റെ ആനുകൂല്യത്തിലാണ് ഇയാൾ പുറത്തുവിലസിയിരുന്നത്. മേൽപ്പറഞ്ഞ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെടാൻ പാടില്ല എന്ന ജാമ്യ വ്യവസ്ഥ കോടതി മുന്നോട്ടുവച്ചിരുന്നു. അതുപോലെതന്നെ അന്വേഷണം പൂർത്തിയാകുന്നതുവരെ എല്ലാ ശനിയാഴ്ചകളിലും പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കണമെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ടായിരുന്നു. ഏതെങ്കിലും ജാമ്യവ്യവസ്ഥയുടെ ലംഘനം ജാമ്യം റദ്ദ് ആകുന്നതിന് ഇടവരുത്തും എന്നും കോടതി ഉത്തരവിൽ വ്യക്തമാണ്.
ഒരു കേസിൽ പ്രതിയായ വ്യക്തി ജാമ്യവ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ തന്നെ ഷാജു തുരുത്തൻ മറ്റൊരു ക്രിമിനൽ കേസിൽ പ്രതിയായ വിവരം കോടതിയെ അറിയിക്കുവാനും ജാമ്യം റദ്ദ് ചെയ്യുവാൻ അപേക്ഷ നൽകുവാനും പോലീസ് ബാധ്യസ്ഥരാണ്. പോലീസ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയാൽ അത് ചെയർമാൻ ജയിലിലേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിക്കും. പാർട്ടിക്കും ഭരണം മുന്നണിയ്ക്കും ഒന്നാകെ അപമാനം സൃഷ്ടിക്കുന്ന സംഭവമായി ഇത് മാറും എന്നുള്ളതിനാൽ തന്നെ പോലീസിന്മേൽ ഇത്തരം ഒരു നീക്കം തടയാൻ ഉന്നത തലത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.
നിയമലംഘനങ്ങൾ ഉണ്ടായാൽ അതിനെതിരെ നടപടിയെടുക്കുവാൻ നിയമത്തിൽ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. എന്നാൽ ഈ മാർഗ്ഗങ്ങൾ ഒഴിവാക്കി നിയമം കയ്യിലെടുക്കുകയും തെരുവു ഗുണ്ടയെ പോലെ അതിക്രമം അഴിച്ചുവിടുകയും ഭീഷണി മുഴക്കുകയും ചെയ്ത ചെയർമാന്റെ നടപടിക്കെതിരെ വ്യാപക വിമർശനങ്ങളും പരിഹാസങ്ങളും ആണ് ഉയരുന്നത്. മുന്നണി ധാരണ പ്രകാരം ജനുവരി ആദ്യവാരം ഷാജു തുരുത്തൻ പദവിയൊഴിഞ്ഞ് മറ്റൊരാൾക്ക് സ്ഥാനം കൈമാറേണ്ടതാണ്. എന്നാൽ താൻ രാജിവച്ച് ഒഴിയില്ല എന്ന സമ്മർദ്ദം കേരള കോൺഗ്രസ് നേതൃത്വത്തിനു മേൽ ചുമത്തിയിരുന്ന തുരുത്തന്റെ നില പുതിയ കേസ് കൂടി വന്നതോടെ പരുങ്ങലിൽ ആകുകയാണ്.

















