പാലാ നഗരസഭയിലെ സിപിഐ വനിതാ കൗൺസിലർ ആർ സന്ധ്യ അയോഗ്യ ആയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ പൊട്ടിത്തെറി. സന്ധ്യ യുകെയിൽ നിന്ന് എത്തി വോട്ട് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ് മാണി ഗ്രൂപ്പിന് സ്വന്തം പാർട്ടി നേതാവായ ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കുവാൻ സാധിച്ചത്. ഇതിനായി സന്ധ്യയെ യാത്ര ചിലവടക്കം നൽകി പാർട്ടി പാലായിൽ എത്തിക്കുകയായിരുന്നു എന്ന് പാർട്ടിയുടെ മണ്ഡലം പ്രസിഡണ്ടായ ബിജു പാലുപ്പടവൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പാർട്ടിക്കുള്ളിലെ പടപ്പുറപ്പാട് തന്നെയാണ് ഷാജു തുരുത്തനെപ്പോലെ സീനിയർ കൗൺസിലർ ചെയർമാൻ പദവിയിൽ നിന്ന് ചവിട്ടി പുറത്താക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയത്. മുറിവേറ്റ തുരുത്തൻ അതുകൊണ്ടുതന്നെ തന്റെ പുറത്താക്കലിന് ഇടയാക്കി വോട്ട് രേഖപ്പെടുത്തിയ ആർ സന്ധ്യയുടെ അയോഗ്യതയിൽ ആഹ്ലാദിക്കുന്നുണ്ട്. ദൈവം നീതിമാനാണ് എന്ന പ്രതികരണമാണ് വിഷയവുമായി ബന്ധപ്പെട്ട് ഷാജു തുരുത്തൻ മലയാള മനോരമയ്ക്ക് നൽകിയത്. തന്നെ പുറത്താക്കാൻ മാത്രമാണ് സന്ധ്യ വിദേശത്തുനിന്ന് എത്തിയതെന്നും അതിന് കിട്ടിയ പ്രതിഫലമാണ് അയോഗ്യത എന്നുമാണ് തുരുത്തന്റെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്ധ്യക്കെതിരെ മാത്രമല്ല കേരളാ കോൺഗ്രസ് നേതൃത്വത്തിനെതിരെയും ഷാജു തുരുത്തൻ ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ട് വർഷമാണ് ചെയർമാൻ സ്ഥാനത്ത് തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്ന നിലപാടാണ് അദ്ദേഹം ആവർത്തിക്കുന്നത്. എന്നാൽ അവിശ്വാസ പ്രമേയത്തിൽ കേരള കോൺഗ്രസ് എം നേതൃത്വം തന്നെ ചതിക്കുകയായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സന്ധ്യയ്ക്ക് കിട്ടിയതുപോലെതന്നെ ചതിച്ചവർക്ക് സമയത്ത് കിട്ടിക്കോളും എന്നും അദ്ദേഹം പറയുന്നു.

വരാനിരിക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ നിന്ന് വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജു തുരുത്തൻ. എന്നാൽ കേരള കോൺഗ്രസ് ആശീർവാദത്തോടുകൂടി മുൻ ചെയർപേഴ്സൺ ജോസിൻ ബിനോയോ, അവരുടെ ഭർത്താവോ ഇതേ വാർഡിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. ഇരു കൂട്ടരും വാർഡിൽ മത്സരിച്ചു വോട്ട് ചേർക്കുകയും ഭവന സന്ദർശനം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. നറുക്കെടുപ്പ് പൂർത്തിയായി സംവരണം നിശ്ചയിക്കപ്പെടുന്നതോടെ മാണി ഗ്രൂപ്പിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ മാണി ഗ്രൂപ്പ് ഭരിക്കുന്ന ഏക നഗരസഭ അവർക്ക് കൈവിട്ടു പോകുവാനുള്ള സാധ്യതകളും ഇതോടെ ശക്തമാവുകയാണ്.

ആർ സന്ധ്യയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് വളരെ കരുതലോടെയാണ് ചെയർമാൻ തോമസ് പീറ്റർ പ്രതികരിച്ചത്. സന്ധ്യ നാട്ടിലെത്തി അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്തത് കൊണ്ടാണ് തനിക്ക് ചെയർമാൻ സ്ഥാനം ലഭിച്ചതെന്ന് വ്യക്തമാക്കിയ തോമസ് പീറ്റർ സന്ധ്യയെ അയോഗ്യ ആക്കാതിരിക്കാനുള്ള വഴികൾ എല്ലാം തേടിയിരുന്നുവെങ്കിലും നിയമത്തിനു മുന്നിൽ നിസ്സഹായനായി എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽപോലും വിദേശത്തുനിന്ന് നാട്ടിൽ എത്തണമെന്ന് സന്ധ്യയോട് അഭ്യർത്ഥിച്ചിട്ടില്ല എന്നും അവർക്ക് ജോലിയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് തനിക്ക് അറിവില്ല എന്നുമാണ് തോമസ് പീറ്ററിന്റെ നിലപാട്.

എന്നാൽ കാര്യം കണ്ടശേഷം കേരള കോൺഗ്രസുകാർ തന്നെ കരിവേപ്പിലയാക്കി എന്ന മട്ടിലുള്ള സന്ധ്യയുടെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. അവിശ്വാസപ്രമേയത്തിന് വോട്ട് ചെയ്യാൻ എത്തിയതുകൊണ്ട് തനിക്ക് ഇമിഗ്രേഷനിൽ പ്രശ്നങ്ങൾ ഉണ്ടായി എന്നും ജോലി നഷ്ടമായി എന്നും ഈ ശബ്ദ സന്ദേശങ്ങളിൽ ഇവർ വ്യക്തമാക്കുന്നുണ്ട്. കാര്യം കണ്ടു കഴിഞ്ഞശേഷം പ്രതിസന്ധികൾ ഉണ്ടായപ്പോൾ കേരള കോൺഗ്രസിലെ കൗൺസിലർമാരെ ബന്ധപ്പെടുവാൻ ശ്രമിച്ചപ്പോൾ അവർ ഫോൺ പോലും എടുത്തില്ല എന്നും സന്ധ്യയുടെ ശബ്ദരേഖകളിൽ വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക