എൻൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘനാളായി തുടരുന്ന തൊണ്ടയിലെ അണുബാധ ഇന്ന് അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന് ശ്വസിക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും ആശുപത്രിയിലെത്തിയിട്ടുണ്ട്. വിദഗ്ധരായ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.90-കളുടെ അവസാനത്തില്‍ കണ്ടെത്തിയ ഓറല്‍ ക്യാൻസറിനെ അതിശക്തമായ പോരാട്ടത്തിലൂടെ അതിജീവിച്ച വ്യക്തിയാണ് ശരദ് പവാർ. മുൻപ് പലതവണ വിവിധ ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്.
നിലവിലെ ശാരീരിക അസ്വസ്ഥതകള്‍ ഗൗരവത്തോടെയാണ് ഡോക്ടർമാർ കാണുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ രാഷ്ട്രീയ കേരളവും രാജ്യവും ഒരേപോലെ ആശങ്കയിലാണ്. പ്രിയ നേതാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് അനുയായികളും സഹപ്രവർത്തകരും.

















