യുവതികളുടെയും വീട്ടമ്മമാരുടെയും സ്വകാര്യദൃശ്യങ്ങള്‍ പകർത്തി ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയില്‍ യൂട്യൂബർ അറസ്റ്റില്‍. ഗുണ്ടൂർ സ്വദേശിയായ രവി മസ്താൻ സായിയൊണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. തെലുഗു നടൻ രാജ് തരുണിന്റെ മുൻ ലിവ് ഇൻ പങ്കാളിയായിരുന്ന ലാവണ്യയുടെ പരാതിയിലാണ് പോലീസ് മസ്താൻ സായിയെ അറസ്റ്റ് ചെയ്തതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. നിരവധി സ്ത്രീകളുടെ 300-ലേറെ സ്വകാര്യദൃശ്യങ്ങളടങ്ങിയ മസ്താൻ സായിയുടെ ഹാർഡ് ഡിസ്കും ലാവണ്യ പോലീസിന് കൈമാറിയതായും റിപ്പോർട്ടുകളിലുണ്ട്.
യുവതികളുമായും വിവാഹിതരായ സ്ത്രീകളുമായും സൗഹൃദം നടിച്ച് പരിചയത്തിലാകുന്ന മസ്താൻ സായി ഇവരുടെ ഫോണുകളടക്കം ഹാക്ക് ചെയ്താണ് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കിയിരുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന മസ്താൻ സായി സ്ത്രീകളുടെ ഫോണ്‍ ഹാക്ക് ചെയ്തശേഷം ഇവരുടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. തുടർന്ന് സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്തിരുന്ന പ്രതി, ഇതിന്റെ ദൃശ്യങ്ങളും പകർത്തിയിരുന്നു.
മസ്താൻ സായി തന്റെ സ്വകാര്യദൃശ്യങ്ങളും പകർത്തിയതായാണ് ലാവണ്യ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. മസ്താൻ സായിയുടെ വീട്ടില്‍നിന്ന് തനിക്ക് കിട്ടിയ ഹാർഡ് ഡിസ്ക്കില്‍ നിരവധി സ്ത്രീകളുടെ നൂറുകണക്കിന് വീഡിയോകളുണ്ടെന്നും ഇത് പോലീസിന് കൈമാറിയതായും ലാവണ്യ പറഞ്ഞു. ഈ ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മസ്താൻ സായി മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. കഴിഞ്ഞ നവംബറിലാണ് ഹാർഡ് ഡിസ്ക് തനിക്ക് കിട്ടിയതെന്നും യുവതി വ്യക്തമാക്കി.

















