പാലാ നഗരസഭയിലെ ഭരണമുന്നണിയെ ഞെട്ടിച്ചു കൊണ്ടാണ് സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ഇന്ന് യുഡിഎഫ് പിന്തുണയോടെ ചെയർമാന് എതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഭരണംമുന്നണിക്കുള്ളിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള തർക്കങ്ങൾ രൂക്ഷമാകുന്ന സമയത്ത് ജിമ്മിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ നീക്കം കേരള കോൺഗ്രസ് പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ താൻ അവിശ്വാസപ്രമേയം നോട്ടീസ് നൽകാനുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ജിമ്മി ജോസഫ് രംഗത്ത് എത്തി.
വികസന മുരടിപ്പും ഭരണ സ്തംഭനവും: ജിമ്മി ജോസഫ്
അധികാരം വീതം വയ്ക്കുന്നതിൽ മാത്രമാണ് ഇടതുമുന്നണിക്കും, കേരള കോൺഗ്രസിനും താല്പര്യം. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ അവർക്ക് കഴിയുന്നില്ല. മുനിസിപ്പാലിറ്റിയിൽ തനത് ഫണ്ട് എന്നൊന്നില്ല. ആഴ്ചയിൽ ആഴ്ചയിൽ ചെയർമാൻമാരെ മാറ്റുന്നതോടെ ഭരണ സ്തംഭനം ആണ് ഉണ്ടാകുന്നത്. പാലാ നഗരസഭ നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത്തത്ര വലിയ വികസന മുരടിപ്പാണ്. ഭരണമുന്നണിയുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാനും, ജനങ്ങൾക്കിടയിൽ ചർച്ചയാക്കാനും, എൽഡിഎഫ് മുന്നണിയുടെ ജീർണ്ണത പുറത്തുകൊണ്ടുവരുവാനും വേണ്ടിയിട്ടാണ് ഇപ്പോൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്തത്.
അധികാരത്തിനു വേണ്ടി പരസ്പരം പാര പണിയുന്നവരാണ് നഗരസഭയിലെ ഭരണകക്ഷി അംഗങ്ങൾ. നാല് വർഷത്തിനിടെ മൂന്ന് ചെയർമാൻമാരാണ് ഇതുവരെ നഗരസഭയിൽ ഉണ്ടായത്. വീണ്ടും ഒരാളെ കൂടി ഏഴോ എട്ടോ മാസത്തേക്ക് ചെയർമാൻ പദവിയിൽ എത്തിക്കാനാണ് കേരള കോൺഗ്രസ് തീരുമാനം. ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള തീരുമാനമാണോ അധികാര മോഹികളുടെ വീതം വെപ്പ് ആണോ എന്ന് കേരള കോൺഗ്രസ് എം നേതൃത്വം തന്നെ വ്യക്തമാക്കണമെന്നും ജിമ്മി ആവശ്യപ്പെട്ടു.

















