പഴബ്ലിച്ചാലില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച്‌ വീണ്ടും രക്ഷപെട്ടു.കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇവർ വേട്ടയാടി കൊന്ന മ്ലാവിന്‍റെ ഇറച്ചിയും എല്ലുകളും പൊലീസ് പിടികൂടി.

ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് അടിമാലി പൊലീസ് ഇരുമ്ബുപാലം 14-ാം മൈല്‍ നരിക്കുഴില്‍ സന്തോഷ് (വീരപ്പൻ സന്തോഷ് -49) നെ പിടികൂടാൻ എത്തിയത്. പഴബ്ലിച്ചാല്‍ സ്കൂള്‍ പടിയില്‍ മറ്റത്തില്‍ ഷൈനിന്റെ വീട്ടിലായിരുന്നു സന്തോഷും സഹായി പയ്യന്നൂർ വില്യാപ്പിള്ളില്‍ ഹരീഷും ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസിനെ കണ്ട് മൂവരും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. ഏറെ നേരത്തെ ശ്രമഫലമായി ഷൈനെയും ഹരീഷിനെയും പൊലീസ് പിടികൂടി. ഇതിനിടെ വീരപ്പൻ സന്തോഷ് വലിയ പാറയുടെ മുകള്‍ ഭാഗത്തേക്ക് കയറി. പിന്നാലെ പൊലീസും പാറയിലേക്ക് കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കീഴ്ക്കാം തൂക്കായ പാറയില്‍ അപകടഭാഗത്ത് നിലയുറപ്പിച്ച സന്തോഷ് തന്നെ പിടിക്കുന്ന പൊലീസുകാരെയുമായി താഴെക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ഇതോടെ നേരം ഇരുട്ടി. പൊലീസ് ഉടൻ ഫയർഫോഴ്സിന്‍റെ സേവനം തേടി. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും സന്തോഷ് ഇവിടെനിന്നും മുങ്ങി. രാത്രി ഏറെ വൈകിയാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ നിർത്തിയത്. പാറക്ക് മുകളില്‍ കുടുങ്ങിയ പൊലീസുകാരെ സഹസപ്പെട്ടാണ് രക്ഷിച്ചത്.

വനപാലകരെ വധിക്കാൻ ശ്രമിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി സന്തോഷിനെ പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതിയില്‍ വരെ കേസ് നടത്തിയ സംഭവത്തിന് ശേഷം സന്തോഷ് ഒളിവിലായിരുന്നു. പടിക്കപ്പ് കട്ടമുടിയില്‍ തോക്കുചൂണ്ടി വനപാലകരെ രണ്ട്കിലോമീറ്ററിലധികം പിറകോട്ട് നടത്തിയ കേസില്‍ അടക്കം നിരവധി വനം – പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. മറ്റ് ജില്ലകളില്‍ ഗുണ്ടാ സംഘങ്ങള്‍ വരെ വീരപ്പൻ സന്തോഷിന് ഉണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

രണ്ട് മാസം മുമ്ബും ഇയാള്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിടി കൂടിയ മ്ലാവ് ഇറച്ചിയും മ്ലാവിന്‍റെ എല്ലുകളും പൊലീസ് വനം വകുപ്പിന് കൈമാറി.പൊലീസ് പിടികൂടിയ രണ്ട് പേരെയും വനം വകുപ്പിന് കൈമാറി. വനംവകുപ്പ് മൂവർക്കുമെതിരെ കേസെടുത്തു. ഇടുക്കി ഡിവൈ.എസ്.പി ജില്‍സണ്‍ മാത്യു, അടിമാലി സി.ഐ പ്രിൻസ് ജോസഫ്, എസ്.ഐ ജിബിൻ തോമസ് എന്നിവർ നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക