മുംബൈ: 19-മത് മലങ്കര മാർത്തോമ്മാ സുറിയാനി സഭ മുംബൈ ഭദ്രാസന കൺവൻഷൻ ജനുവരി 23 മുതൽ 26 വരെ നടത്തപ്പെടും.വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പിഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ കല്യാൺ വെസ്റ്റ് മാർത്തോമ്മാ ഇടവകയിൽ വെച്ച് ഈ വർഷത്തെ കൺവൻഷൻ ഉൽഘാടനം ചെയ്യും. സീനിയർ വികാരി ജനറൽ വെരി. റവ. മാത്യു ജോൺ, ബാബു പുല്ലാട് എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും.
വെള്ളിയാഴ്ച്ച രാവിലെ 10ന് ഭദ്രാസന സേവികാസംഘ മീറ്റിംഗ് ഗോരേഗാവ് സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ പള്ളിയിലും വൈകിട്ട് 7ന് മറോൾ സെൻറ് സ്റ്റീഫൻ മാർത്തോമ്മാ ഇടവകയിൽ വെച്ച് കൺവൻഷൻ യോഗവും നടത്തപ്പെടും. ശനിയാഴ്ച 10ന് വൈദീക കുടുംബ സംഗമം വാശി സെൻറ് പോൾസ് മാർത്തോമ്മാ ഇടവകയിൽ വെച്ചും കൺവെൻഷൻ യോഗം വൈകിട്ട് 7ന് പനവേൽ സെൻറ് പീറ്റേഴ്‌സ് പള്ളിയിൽ വെച്ചും നടത്തപ്പെടും.
സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 8.30ന് വാശി സിഡ്‌കോ എക്സിബിഷൻ സെന്ററിൽ വിശുദ്ധ കുർബാനയും, സൺഡേ സ്കൂൾ കുട്ടികൾക്കുള്ള പ്രത്യേക മീറ്റിംഗും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുംബൈ ഭദ്രാസനാധിപൻ അധ്യക്ഷത വഹിക്കുകയും മുഖ്യ പ്രഭാഷണവും ചെയ്യും. ഭദ്രാസന കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റീ വി. പി. സൈമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്-കമ്മിറ്റികൾ പ്രവർത്തിക്കുന്നു. മുംബൈ ഭദ്രാസനത്തിലെ മുംബൈ, പൂനെ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നായി വിശ്വാസ സമൂഹം ഈ കൺവൻഷൻ യോഗങ്ങളിൽ പങ്കുചേരുമെന്ന് ഭദ്രാസന സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു.