വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് വിജയത്തെക്കുറിച്ചുള്ള സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമർശത്തില്‍ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം.വർഗരാഷ്ട്രീയം വലിച്ചെറിഞ്ഞ് വർഗീയരാഷ്ട്രീയത്തിലേക്ക് സി.പി.എം. ചുവടുമാറ്റുന്നു. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ സി.പി.എം. മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നുവെന്നും വിമർശനം.

ബി.ജെ.പി.യെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സി.പി.എം. നേതാക്കള്‍ സ്വീകരിക്കുന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്ലിം വർഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ. വിജയരാഘവന്റെ പരാമർശം ഇപ്പോള്‍ സംഘപരിവാർ ആഘോഷിക്കുകയാണ്. മുസ്ലിം വിരുദ്ധതയുടേയും വെറുപ്പിൻ്റെയും ബഹിർസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള ചങ്ങാത്തം സംബന്ധിച്ച വാർത്തകള്‍ പുറത്തുവന്നു. അതിലൊന്നായിരുന്നു തൃശ്ശൂരിലെ ബി.ജെ.പിയുടെ വിജയത്തിന് കളമൊരുക്കിയ പൂരം കലക്കല്‍. സംഘപരിവാറിനെ സുഖിപ്പിക്കുന്ന നടപടികള്‍ സംസ്ഥാന സർക്കാർ തുടരുകയാണ്. സി.പി.എം.-സംഘപരിവാർ ബന്ധത്തിന്റെ കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അജിത്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം.

ന്യൂനപക്ഷത്തെ, പ്രത്യേകിച്ച്‌ മുസ്ലിം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയുന്ന സി.പി.എം നേതാക്കളുടെ എണ്ണം വർധിക്കുകയണ്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ സി.പി.എം എതിരാളികള്‍ ജയിച്ചാല്‍ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ വിരല്‍ചൂണ്ടുന്നത് വർഗീയതയിലേക്കാണ്. ന്യൂനപക്ഷത്തിനെതിരെ വർഗീയാരോപണം ഉന്നയിച്ചാല്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയെങ്കില്‍ ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു.

ബി.ജെ.പി.യുടെ ബി ടീമാവാൻ കേരളത്തിലെ സി.പി.എം. നേതാക്കള്‍ ശ്രമിക്കരുത്. പാർട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വികാരവും വിയോജിപ്പും ഉള്‍ക്കൊള്ളാൻ ഉന്നത നേതൃത്വത്തിന് മടിയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നവരും അവർക്ക് ആയുധം നല്‍കുന്നവരുമായ സിപിഎമ്മിലെ ചില നേതാക്കളില്‍ നിന്നാണ് തിരുത്തല്‍ ആരംഭിക്കേണ്ടത്. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയ്യാറാവാത്തിടത്തോളം കാലം ചവിട്ടി നില്‍ക്കുന്ന മണ്ണ് സംഘപരിവാർ കൂടരത്തിലേക്ക് ഒലിച്ച്‌ പോകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മുസ്ലിംവർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് ഡല്‍ഹിയിലെത്തുമായിരുന്നോയെന്ന വിജയരാഘവന്റെ പരാമർശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കേരളത്തില്‍ നടക്കുന്നത് വലിയതോതിലുള്ള വർഗീയവത്കരണമാണ്. പ്രിയങ്കാഗാന്ധിയുടെ ഘോഷയാത്രകളുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട തീവ്രവർഗീയ ഘടകങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക